ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 61 പേർ കൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റിയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കരികെ ഫലസ്തീനി സ്ത്രീയും മകനും
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 61 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. 308 പേർക്ക് പരിക്കേറ്റു. 16 പേർ കൊല്ലപ്പെട്ടതും 111 പേർക്ക് പരിക്കേറ്റതും ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുമ്പോഴാണ്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 62,622 ആയി. 1,57,673 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ടുപേർ കൂടി പട്ടിണി കാരണം മരിച്ചതായി സ്ഥിരീകരിച്ചു.
ഇതോടെ ആകെ പട്ടിണി മരണം 281 ആയി. ഇതിൽ 114 പേർ കുട്ടികളാണ്. 2023 ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ 210 കുട്ടികൾ ഉൾപ്പെടെ 1031 ഫലസ്തീനികളെ ഇസ്രായേൽ സൈന്യവും അനധികൃത കുടിയേറ്റക്കാരും കൊലപ്പെടുത്തി. 9684 പേർക്ക് പരിക്കേറ്റു. 18500ലധികം പേരെ കസ്റ്റഡിയിലെടുത്തു. പട്ടിണി സൃഷ്ടിക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്നും സ്വാധീനമുള്ളവരെല്ലാം പരിഹാരത്തിന് അടിയന്തരമായി ഇടപെട്ട് ധാർമിക ഉത്തരവാദിത്തം നിർവഹിക്കണമെന്നും ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി തലവൻ ഫിലിപ്പ് ലാസറിനി എക്സിൽ കുറിച്ചു.
ആയിരക്കണക്കിനാളുകൾ വിശന്നുമരിക്കുന്നതിന്റെ വക്കിലാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗസ്സയിൽ പോഷകാഹാരക്കുറവുമൂലം ബുദ്ധിമുട്ടുന്നവരെ ചികിത്സിക്കാൻ പത്ത് ആശുപത്രികളെങ്കിലും വേണമെന്ന് അൽ നാസർ മെഡിക്കൽ കോംപ്ലക്സ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഫറാ പറഞ്ഞു. മൂന്ന് ലക്ഷത്തിലേറെ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി അൽ ശിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബൂ സാൽമിയ, അൽ ജസീറ ചാനലിനോട് പറഞ്ഞു. പരിക്കേറ്റ് ആശുപത്രികളിലുള്ളവരും പട്ടിണിയിലാണ്.
ബെൻ ഗ്വിറിനെ തടഞ്ഞ് പ്രക്ഷോഭകർ
തെൽ അവിവ്: ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിറിനെയും കുടുംബത്തെയും ബന്ദിമോചന പ്രക്ഷോഭകർ തടഞ്ഞു. യുദ്ധം നീട്ടിക്കൊണ്ടുപോയി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നതിന്റെ ഉത്തരവാദിത്തം ബെൻ ഗ്വിറിനാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു. സൈന്യത്തിൽ ചേരുന്നതിൽനിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നത് പ്രക്ഷോഭകരാണെന്ന് ബെൻ ഗ്വിർ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.