സിറിയൻ സൈനിക ആസ്ഥാനത്ത് ഇസ്രായേൽ ആക്രമണം; സിറിയൻ അതിക്രമങ്ങൾക്കുള്ള മറുപടിയെന്ന് ഇസ്രായേൽ
text_fieldsസിറിയയിൽ സംഘർഷം രൂക്ഷമായതോടെ പലായനം ചെയ്യുന്ന ഡ്രൂസുകൾ
ഡമസ്കസ്: സിറിയൻ നഗരമായ സുവൈദയിൽ ഡ്രൂസ് സായുധ സംഘങ്ങളും പ്രാദേശിക വിഭാഗങ്ങളും തമ്മിലെ വെടിനിർത്തൽ പാളിയതിനു പിന്നാലെ സിറിയൻ സൈനിക തലസ്ഥാനത്ത് ബോംബിട്ട് ഇസ്രായേൽ. ബുധനാഴ്ച വൈകീട്ടോടെ ഡമസ്കസിലെ സൈനിക ആസ്ഥാനത്ത് പ്രവേശന കവാടവും പരിസരവുമാണ് ബോംബിട്ട് തകർത്തത്.
ഡ്രൂസുകൾക്കു നേരെ സിറിയൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. സിറിയൻ പ്രതിരോധ മന്ത്രാലയത്തിനു സമീപവും ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തെക്കൻ സിറിയയിലെ സുവൈദയിൽ ഡ്രൂസുകളും തദ്ദേശീയരായ മറ്റു വിഭാഗവും തമ്മിലെ സംഘർഷത്തെ തുടർന്ന് സിറിയൻ സേന ഇറങ്ങി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെട്ടതിനു പിന്നിൽ ഡ്രൂസ് സായുധ സേനയാണെന്ന് സിറിയൻ സേന കുറ്റപ്പെടുത്തി. സമാധാനം പുനഃസ്ഥാപിക്കാൻ സൈനിക സാന്നിധ്യം ശക്തമാക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഡ്രൂസുകളുടെ സുരക്ഷക്കെന്ന പേരിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. സിറിയൻ സേന പിൻവാങ്ങുംവരെ ആക്രമണം തുടരുമെന്നും ഭീഷണിയുണ്ട്. സംഘർഷത്തിൽ പ്രദേശത്ത് ഇതുവരെ 250ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
മേഖലയിലെ മതന്യൂനപക്ഷമായ ഡ്രൂസുകൾ സിറിയക്കു പുറമെ ലബനാൻ, ഇസ്രായേൽ എന്നിവിടങ്ങളിലായാണ് കഴിയുന്നത്. ഇസ്രായേൽ പൗരത്വമുള്ള ഡ്രൂസുകൾ സേനയിലടക്കം സേവനം ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.