ഇസ്രായേൽ ആക്രമണം യു.എസ് അറിവോടെ; വാഷിങ്ടണിൽനിന്ന് അനുമതി കിട്ടിയിരുന്നെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ
text_fieldsന്യൂയോർക്: ഇറാനെ ആക്രമിക്കാൻ ഇസ്രായേലിന് വാഷിങ്ടണിൽനിന്നുള്ള അനുമതി കിട്ടിയിരുന്നെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ ‘ജറൂസലം പോസ്റ്റിനോ’ട് പറഞ്ഞു. നയതന്ത്രസാധ്യതകൾ തെഹ്റാനെ ബോധ്യപ്പെടുത്താൻ തെൽ അവിവും വാഷിങ്ടണും ശ്രമിച്ചിരുന്നെന്നും ഇദ്ദേഹം പറയുന്നു.
ഞായറാഴ്ച നടക്കാനിരുന്ന യു.എസ്-ഇറാൻ ആണവ ചർച്ച ഇസ്രായേൽ-യു.എസ് തന്ത്രത്തിന്റെ ഭാഗമായിരുന്നു. വെള്ളിയാഴ്ചത്തെ ആക്രമണത്തിന് മുന്നോടിയായി ഇറാന്റെ പ്രതിരോധം കുറക്കുകയെന്നതായിരുന്നു ലക്ഷ്യം.
ഇസ്രായേൽ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ‘തങ്ങൾ ഇറാന്റെ ആണവപദ്ധതിക്ക് നയതന്ത്രപരിഹാരം കാണാൻ സന്നദ്ധമാണെ’ന്ന് ട്രംപ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ, ഇസ്രായേൽ ആക്രമണം നടന്നതിന് പിന്നാലെ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറഞ്ഞു. ഇസ്രായേൽ ആക്രമണം നടത്തുമെന്നത് വൈറ്റ് ഹൗസിനറിയാമായിരുന്നെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. തന്നോട് ഇക്കാര്യം വിശദീകരിച്ചതായി ട്രംപുതന്നെ ‘ഫോക്സ് ന്യൂസി’നോടും പറഞ്ഞു.
ട്രംപിന്റെയും യു.എസ് ഭരണകൂടത്തിന്റെയും ഇസ്രായേൽ ആക്രമണത്തോടുള്ള എതിർപ്പ് ലോകത്തെ കബളിപ്പിക്കാനാണെന്നും യഥാർഥത്തിൽ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിൽ കൂടിയാലോചനയിലാണ് നീങ്ങുന്നതെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, ഇസ്രായേൽ സൈന്യത്തിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും വെടിവെച്ചിട്ടെന്ന് ഇറാന്‍റെ വ്യോമ പ്രതിരോധ സേന അവകാശപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഇറാന്‍റെ സൈനിക കമാൻഡോകൾ കസ്റ്റഡിയിലെടുത്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ടു ചെയ്തു. വാർത്ത ഇസ്രായേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ അവകാശവാദം കള്ളമാണെന്നും ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രയി എക്സിൽ പ്രതികരിച്ചു. നേരത്തെ, ഇറാന്‍റെ വ്യോമ മേഖലയിൽ കടന്ന രണ്ട് എഫ്–35 യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടതായും വനിത പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായും ഇറാൻ അവകാശപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.