ഇസ്രായേൽ ഉപരോധം: അതിർത്തി കടന്നെത്തിയ ഭക്ഷ്യസാധനങ്ങൾ ഗസ്സയിൽ ഇതുവരെ വിതരണം ചെയ്തില്ല
text_fieldsഗസ്സ: ഗസ്സയിൽ മാനുഷികസഹായമെത്തിക്കുന്നതിനുള്ള പുതിയ വിതരണസംവിധാനം ദിവസങ്ങൾക്കകം നിലവിൽ വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിന് നിയന്ത്രണമില്ലാത്ത വിതരണസംവിധാനമാണ് ഇസ്രായേൽ തയാറാക്കുന്നത്. അതേസമയം, പുതിയ സംവിധാനത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശനം ഉയരുന്നുണ്ട്.
പുതിയ വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതിരിക്കെ, ഗസ്സയിൽ പട്ടിണിയും ദുരിതവും രൂക്ഷമായി തുടരുകയാണ്. ഹമാസ് മുഴുവൻ ബന്ദികളെയും മോചിപ്പിക്കുകയും അധികാരത്തിൽനിന്ന് ഒഴിയുകയുംചെയ്താൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് നെതന്യാഹു പറഞ്ഞിരിക്കുന്നത്.
അന്താരാഷ്ട്ര സമ്മർദത്തെത്തുടർന്ന് ഭക്ഷ്യസാധനങ്ങളുമായി എത്തിയ നിരവധി ട്രക്കുകൾ കഴിഞ്ഞദിവസം ഇസ്രായേൽ ഗസ്സയിലേക്ക് കടത്തിവിട്ടിരുന്നു. മൂന്ന് മാസത്തോളമായി ഭക്ഷ്യസാധനങ്ങൾ, മരുന്ന്, ഇന്ധനം തുടങ്ങിയവയെല്ലാം ഗസ്സയിൽ എത്തുന്നത് ഇസ്രായേൽ ഉപരോധിച്ചിരിക്കുകയാണ്. അതേസമയം, അതിർത്തി കടന്നെത്തിയ ഭക്ഷ്യസാധനങ്ങൾ ഇതുവരെ വിതരണംചെയ്യാനായിട്ടില്ല. തിങ്കളാഴ്ച മുതൽ എത്തിയ സാധനങ്ങൾ യു.എൻ ട്രക്കുകളിലേക്ക് കയറ്റി ബുധനാഴ്ച രാത്രി മധ്യ ഗസ്സയിലെ സംഭരണ കേന്ദ്രത്തിലെത്തിച്ചു. ബുധനാഴ്ച 100 ട്രക്കുകൾ ഗസ്സയിൽ എത്തിയതായി ഇസ്രായേൽ അറിയിച്ചു. ഉപരോധം അവസാനിപ്പിക്കുന്നില്ലെങ്കിൽ ഗസ്സ കൊടും പട്ടിണിയിലേക്ക് നീങ്ങുമെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നെതന്യാഹുവിനെതിരായ വാറന്റ് പിൻവലിക്കരുതെന്ന് ഐ.സി.സി പ്രോസിക്യൂട്ടർമാർ
ഹേഗ്: പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യേവ് ഗാലന്റ് എന്നിവർക്കെതിരായ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന ഇസ്രായേലിന്റെ അപേക്ഷ തള്ളണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) പ്രോസിക്യൂട്ടർമാർ ജഡ്ജിമാരോട് ആവശ്യപ്പെട്ടു. വാറന്റ് പിൻവലിക്കണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്ന് 10 പേജ് വരുന്ന പ്രസ്താവനയിൽ പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി. ഐ.സി.സി വെബ്സൈറ്റിൽ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.