റഫ അതിർത്തിയിലും ഇസ്രായേൽ ക്രൂരത; ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനി വനിതകൾക്കുനേരെ കൈയേറ്റം
text_fieldsറഫ അതിർത്തിയിൽ ഇസ്രായേൽ ആക്രമണങ്ങളെ അതിജീവിച്ച് ഗസ്സയിലെ ഖാൻ യൂനിസിലെത്തിയ റൂതാന അൽ റജബും കുടുംബവും
കൈറോ: വെടിനിർത്തൽ കരാറിനുശേഷവും മനുഷ്യക്കുരുതി തുടരുന്ന ഗസ്സയുടെ പുറംലോകവുമായുള്ള പ്രധാന കവാടമായ റഫ അതിർത്തി തുറന്നെങ്കിലും ഇവിടെ ഫലസ്തീനികൾക്ക് സഞ്ചാര സ്വാതന്ത്ര്യം തുടർച്ചയായി നിഷേധിക്കപ്പെടുന്നു. അതിർത്തി കടന്ന് ഗസ്സയിലേക്ക് പോകുന്ന ഫലസ്തീനികളെ ഇസ്രായേൽ സൈന്യം തടഞ്ഞ് കൈയേറ്റം ചെയ്യുന്നതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച കൈറോയിൽനിന്ന് റഫ അതിർത്തി കടന്ന 12 അംഗ ഫലസ്തീനി കുടുംബത്തിന്റെ അനുഭവം റിപ്പോർട്ടിൽ വിശദമായുണ്ട്. റൂതാന അൽ റജബ് എന്ന ഫലസ്തീനി യുവതിയും കുടുംബവും അടങ്ങുന്ന 12 അംഗ സംഘം ബസിലാണ് റഫ അതിർത്തി കടന്നത്. ഏതാനും കിലോമീറ്റർ കഴിഞ്ഞ് ഇസ്രായേൽ സൈന്യം ബസ് തടഞ്ഞു. യാത്രികരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന്, കൈയും കണ്ണും കെട്ടി ഓരോരുത്തരെയായി ചോദ്യം ചെയ്യാനായി ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ മുട്ടിൽനിർത്തിയായിരുന്നുവത്രെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ പേരിൽ തന്റെ സ്ത്രീത്വത്തെ അപഹസിക്കുംവിധത്തിൽ സൈന്യം പെരുമാറിയെന്നും റൂതാന പറയുന്നു. അതേസമയം, സംഭവം ഇസ്രായേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായിട്ടാണ് റഫ അതിർത്തി തുറക്കാൻ തീരുമാനിച്ചത്. എന്നാൽ, അതിർത്തി തുറന്നിട്ടും സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ. പരിമിതമായ ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. പതിനായിരങ്ങൾ ഇപ്പോഴും അതിർത്തിയിൽ കാത്തിരിപ്പാണെന്നും അവർ പറയുന്നു. റഫ അതിർത്തി അടക്കുന്നതിന്റെ മുന്നോടിയായി 1.10 ലക്ഷം ഫലസ്തീനികൾ അതിർത്തി കടന്നുവെന്നാണ് കണക്ക്. ചോദ്യം ചെയ്യലിനുശേഷം റൂതാനയെയും സംഘത്തെയും യു.എന്നിന്റെ കീഴിലുള്ള സന്നദ്ധ സംഘടനകളുടെ ബസിൽ ഖാൻ യൂനിസിലെ അൽ നസ്ർ ആശുപത്രിയിലെത്തിച്ചു.
അതിനിടെ, ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം നടന്നു. സ്ത്രീകളും കുട്ടികളുമടക്കം 21 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാറിനുശേഷം 550 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.പ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

