ദക്ഷിണ ഗസ്സ പാതയിൽ പകൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ
text_fieldsജറൂസലം: ഫലസ്തീനിലേക്കുള്ള സഹായവിതരണം പൂർത്തീകരിക്കാൻ ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിലുടനീളം പകൽസമയത്ത് യുദ്ധമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ സൈന്യം.
എന്നാൽ, ലോകമാകെ ആവശ്യപ്പെടുന്ന സമ്പൂർണ വെടിനിർത്തലല്ല ഇതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഫ മേഖലയിലാകും വെടിനിർത്തൽ. കാലത്ത് എട്ടുമുതൽ വൈകീട്ട് ഏഴുമണിവരെയുള്ള വെടിനിർത്തൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരും. ഇസ്രായേൽ നിയന്ത്രണത്തിലുള്ള കറം അബൂസാലിം ക്രോസിങ്ങിനടുത്ത് ട്രക്കുകൾക്ക് പ്രശ്നങ്ങളില്ലാതെ എത്താൻ പുതിയ നടപടി വഴിയൊരുക്കും. സഹായങ്ങൾ ഫലസ്തീനിലേക്ക് എത്തുന്ന പ്രധാന വഴിയാണിത്. സലാഹുദ്ദീൻ ഹൈവേയിലൂടെ സുഗമ യാത്രക്കും വെടിനിർത്തൽ സഹായകരമാകും.
ഇസ്രായേൽ സൈന്യം മേയിൽ റഫയിലേക്ക് കടന്നതോടെ കറം അബൂസാലിം ക്രോസിങ് വഴി സഞ്ചാരം മുടക്കിയിരുന്നു. ഖാൻ യൂനുസ്, മുവാസി, മധ്യ ഗസ്സ എന്നിവിടങ്ങളിലേക്കുമുള്ള സഹായ സാധനങ്ങൾ എത്തിക്കൽ ഇനി എളുപ്പമാകുമെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അന്താരാഷ്ട്ര ഏജൻസികളും യു.എന്നുമായുള്ള ചർച്ചകൾക്കുശേഷമാണ് വെടിനിർത്തൽ തീരുമാനമെന്ന് സൈന്യം തുടർന്നു.
എന്നാൽ യു.എൻ, തീരുമാനത്തോട് പ്രതികരിച്ചിട്ടില്ല. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സമ്പൂർണ വെടിനിർത്തലിനുള്ള പുതിയ നിർദേശം ഇസ്രായേലും ഹമാസും പരിശോധിച്ചു വരുന്നതിനിടെയാണ് പുതിയ നീക്കം. നിർദേശം പൂർണമായും ഇസ്രായേലോ ഹമാസോ അംഗീകരിച്ചിട്ടില്ല. ഇസ്രായേലിന് അംഗീകരിക്കാത്ത ചില നിർദേശങ്ങൾ ഹമാസ് മുന്നോട്ടുവെച്ചുവെന്നും റിപ്പോർട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.