ഇസ്രായേലി തീവ്രവലതുപക്ഷ മന്ത്രി മസ്ജിദുൽ അഖ്സയിൽ; പ്രതിഷേധം
text_fieldsതീവ്രവലതുപക്ഷക്കാരനായ മന്ത്രി ഇറ്റാമർ ബൻ ക്വിർ മസ്ജിദുൽ അഖ്സ വളപ്പിൽ എത്തിയപ്പോൾ
ജറൂസലം: ഇസ്രായേലിൽ തീവ്രവലതുപക്ഷ നേതാവ് ബിന്യമിൻ നെതന്യാഹുവിന്റെ സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കകം കടുത്ത പ്രകോപനം സൃഷ്ടിച്ച് മന്ത്രിയുടെ മസ്ജിദുൽ അഖ്സ സന്ദർശനം.
ഇസ്ലാം മത വിശ്വാസികളുടെ പുണ്യകേന്ദ്രങ്ങളിലൊന്നായ മസ്ജിദുൽ അഖ്സ വളപ്പിലാണ് തീവ്രവലതുപക്ഷക്കാരനായ മന്ത്രി ഇറ്റാമർ ബൻ ക്വിർ എത്തിയത്.
ചൊവ്വാഴ്ച പുലർച്ച വൻ സുരക്ഷ അകമ്പടിയോടെയാണ് മന്ത്രി മസ്ജിദുൽ അഖ്സ വളപ്പിലെത്തിയത്. ലോക-അറബ്- ഫലസ്തീൻ നേതാക്കൾക്കൊപ്പം ഇസ്രായേൽ പ്രതിപക്ഷവും മന്ത്രിയുടെ നടപടിയെ എതിർത്തു.
മേഖലയിൽ സംഘർഷം രൂക്ഷമാക്കുകയും രക്തച്ചൊരിച്ചിൽ സൃഷ്ടിക്കുകയുമാണ് മന്ത്രിയുടെ ലക്ഷ്യമെന്ന് ഫലസ്തീൻ നേതാക്കൾ അഭിപ്രായപ്പെട്ടു. മസ്ജിദുൽ അഖ്സയിൽ ജൂത സമൂഹം പ്രാർഥന നടത്തുന്നത് ഭൂരിഭാഗം പുരോഹിതരും വിലക്കിയിട്ടുണ്ടെങ്കിലും സമീപകാലത്തായി ഇവിടെ ആരാധനയെ പിന്തുണക്കുന്ന ജൂത വിഭാഗക്കാരുടെ എണ്ണം വർധിച്ചുവരുകയാണ്.
ഇസ്രായേൽ മന്ത്രിയുടെ സന്ദർശനം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നും കടുത്തഭാഷയിൽ എതിർക്കുന്നതായും മസ്ജിദുൽ അഖ്സയുടെ സംരക്ഷകരായ ജോർഡൻ വ്യക്തമാക്കി.
തങ്ങളുടെ വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള സയണിസ്റ്റ് കടന്നുകയറ്റം തുടരുകയാണെന്നും അറബ് സ്വത്വത്തിന് നേരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നും ഹമാസ് വക്താവ് ഹാസെം ഖാസിം പറഞ്ഞു.
അൽ അഖ്സ പള്ളിയും മറ്റു വിശുദ്ധ സ്ഥലങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം ഫലസ്തീൻ ജനത തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹമാസിന്റെ ഭീഷണിക്ക് തന്നെ തടയാനാകില്ലെന്നും കാലം മാറിയത് എല്ലാവരും മനസ്സിലാക്കണമെന്നും മന്ത്രി ഇറ്റാമർ ബൻ ക്വിർ ട്വിറ്ററിൽ കുറിച്ചു. ബെൻഗ്വിറിന്റെ സന്ദർശനം മനുഷ്യജീവിതത്തിനുതന്നെ ഭീഷണിയാകുമെന്ന് ഇസ്രായേലി പ്രതിപക്ഷ നേതാവ് യൈർ ലാപിഡ് നേരത്തേ പറഞ്ഞിരുന്നു.
അതിനിടെ, ചൊവ്വാഴ്ച രാവിലെ 15 വയസ്സുള്ള ഫലസ്തീനി ബാലനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നിരുന്നു. അഴിമതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ നേരിടുന്ന നെതന്യാഹു അഞ്ചു ദിവസം മുമ്പ് അധികാരമേറ്റതു മുതൽ ഫലസ്തീനികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.