ഗസ്സ സിറ്റിയെ നരകമാക്കുമെന്ന് ഇസ്രായേൽ മന്ത്രി
text_fieldsഗസ്സ സിറ്റി: ഹമാസ് ആയുധംവെച്ച് കീഴടങ്ങിയില്ലെങ്കിൽ ഗസ്സ സിറ്റിയെ നരകമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന്റെ നിബന്ധനകൾ ഹമാസ് അംഗീകരിക്കണം. എല്ലാ ബന്ദികളെയും നിരുപാധികം മോചിപ്പിച്ച് ഹമാസ് പൂർണമായി നിരായുധരാകണമെന്ന് കാറ്റ്സ് പറഞ്ഞു. എന്നാൽ, ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ ആയുധം ഉപേക്ഷിക്കില്ലെന്നാണ് ഹമാസ് നിലപാട്.
ഗസ്സ സിറ്റി ഒഴിപ്പിക്കാൻ സൈന്യത്തിന് ഉത്തരവ് നൽകിയതായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അതനുസരിച്ച് സൈന്യം ആക്രമണം കടുപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഗസ്സയിൽ 47 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ആകെ കൊല്ലപ്പെട്ടവർ 62,239 ആയി. 1,57,227 പേർക്ക് പരിക്കേറ്റു.
അതേസമയം, ഗസ്സയിൽ അഞ്ചുലക്ഷത്തിലേറെ ആളുകൾ കൊടും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ട്. ‘പട്ടിണി മരണത്തിന്റെ വക്കിലാണ് പതിനായിരങ്ങൾ. ഗസ്സയിലെ പട്ടിണി പൂർണമായും മനുഷ്യനിർമിതമാണ്. വെടിനിർത്തി സഹായവസ്തുക്കൾ എത്തിക്കേണ്ടത് അനിവാര്യമാണ്. മടി കാണിച്ചും ചർച്ച നടത്തിയും നിൽക്കേണ്ട സമയം കഴിഞ്ഞു. പട്ടിണി അതിവേഗം വ്യാപിക്കുകയാണ്. ഏതാനും ദിവസം വൈകിക്കുന്നത് പോലും പട്ടിണിമരണം കുതിച്ചുയരാൻ കാരണമാണ്. ഇത് സ്വീകാര്യമല്ല. ഒഴിവാക്കാൻ കഴിയുന്ന മരണങ്ങളാണ് വർധിച്ചുവരുന്നത്’ -റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഗസ്സയിൽ പട്ടിണിയില്ലെന്നും ഹമാസിന്റെ കള്ളം അനുസരിച്ചുള്ള റിപ്പോർട്ടാണിതെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേൽ കള്ളം പ്രചരിപ്പിക്കുന്നത് പൊളിക്കുന്നതാണ് യു.എൻ റിപ്പോർട്ടെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഹമാസ് പ്രതികരിച്ചു.
‘അധിനിവേശ ക്രിമിനലുകൾ ഭക്ഷണവും വെള്ളവും മരുന്നും തടഞ്ഞ് വംശഹത്യ നടത്തുകയാണ്. പട്ടിണിയെ ആയുധമാക്കുന്നതും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും മറച്ചുവെക്കാൻ തുടർച്ചയായി കള്ളം പറയുകയാണ് ഇസ്രായേൽ. യുദ്ധവും ഉപരോധവും അവസാനിപ്പിക്കാൻ യു.എൻ രക്ഷാസമിതി ഇടപെടണം.’ -ഹമാസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.