ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിട്ടു; വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
text_fieldsതെൽ അവീവ്: ഇസ്രായേലിൽ മൂന്നു വർഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിന് കളമൊരുക്കി പാർലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി നഫ്താലി ബെനറ്റ് രാജിവെച്ചതോടെ ഇടക്കാല പിൻഗാമിയായിയായി യായിർ ലാപിഡ് ചുമതലയേറ്റു. ബുധനാഴ്ച രാത്രി ചേർന്ന പാർലമെന്റ് യോഗത്തിൽ പിരിച്ചുവിടാനുള്ള പ്രമേയത്തെ 92 പേർ അനുകൂലിച്ചു. മറ്റുള്ളവർ വിട്ടുനിന്നു.
യഥാർഥ പിൻഗാമിയെ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് തീരുമാനിക്കും. 12 വർഷം ഭരണത്തിലിരുന്ന ബിന്യമിൻ നെതന്യാഹുവിനെ മറിച്ചിട്ടാണ് എട്ടു കക്ഷികളുടെ സഖ്യത്തെ നയിച്ച് ഒരു വർഷം മുമ്പ് നഫ്താലി ബെനറ്റ് ഇസ്രായേൽ പ്രധാനമന്ത്രിയായത്. ആദ്യമായി, അറബ് കക്ഷിയായ 'റാം' സഖ്യത്തിന്റെ ഭാഗമായി. എന്നാൽ, അസ്വാരസ്യങ്ങൾ കടുത്തതോടെ പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ നിർബന്ധിതമാകുകയായിരുന്നു.
ബെനറ്റ് മന്ത്രിസഭയിൽ വിദേശകാര്യം കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു മുൻ ടെലിവിഷൻ അവതാരകനും നെതന്യാഹു വിരുദ്ധനുമായ യായിർ ലാപിഡ്. ഏറ്റവുമൊടുവിൽ വെസ്റ്റ് ബാങ്കിലെ അഞ്ചു ലക്ഷത്തോളം ജൂത കുടിയേറ്റക്കാർക്ക് ഇസ്രായേൽ നിയമപ്രകാരം ജീവിതത്തിന് അവകാശം നൽകുന്ന ബില്ലാണ് ബെനറ്റിന്റെ അധികാര നഷ്ടത്തിലേക്ക് നയിച്ചത്. 55 വർഷം മുമ്പ് നടത്തിയ അധിനിവേശത്തിന് ഭരണാനുമതിയാകുമെന്നതിനാൽ ഭരണത്തിന്റെ ഭാഗമായി അറബ് കക്ഷി ഈ ബില്ലിനെ പിന്തുണക്കില്ലെന്ന് അറിയിച്ചു. ഇതോടെ, എക്കാലത്തും കുടിയേറ്റത്തെ അനുകൂലിച്ചിരുന്ന ബെനറ്റിന് അധികാരം വിട്ടൊഴിയുകയെന്ന അവസാന വഴി മാത്രമായി ആശ്രയം.
നവംബർ ഒന്നിനാണ് തെരഞ്ഞെടുപ്പ്. 120 അംഗ സഭയിലേക്ക് അടുത്ത തവണയും നെതന്യാഹുവിന്റെ ലിക്കുഡ് കക്ഷി മത്സര രംഗത്തുണ്ടാകും. പാർട്ടിക്കു തന്നെയാകും മേൽക്കൈയെന്നും അഭിപ്രായ സർവേകൾ പറയുന്നു. ഇനി മത്സരിക്കാനില്ലെന്ന് ബെനറ്റ് വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.