വിവാദ നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി; പ്രതിപക്ഷം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
text_fieldsജറൂസലം: കോടതികൾക്കുമേൽ നിയന്ത്രണമേർപ്പെടുത്തുന്ന വിവാദ നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി. സുപ്രീംകോടതിയുടെ അധികാരങ്ങൾ നിയന്ത്രിക്കുന്നതടക്കമുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിർദേശങ്ങളാണ് പാസാക്കിയത്. പ്രതിപക്ഷം പൂർണമായി വിട്ടുനിന്ന വോട്ടെടുപ്പിൽ 64 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്.
വിവാദ നിയമപരിഷ്കരണ ബിൽ തിങ്കളാഴ്ച വോട്ടിനിടുന്നതിനുമുമ്പ് പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി പ്രതിപക്ഷനേതാവ് യയിർ ലാപിഡ് പറഞ്ഞു. പേസ്മേക്കർ ഘടിപ്പിച്ച് ആശുപത്രിയിൽനിന്ന് വിടുതൽ നേടിയ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും വോട്ടെടുപ്പിനെത്തി. ബിൽ വോട്ടിനിടാൻ ധിറുതി കൂട്ടരുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അഭ്യർഥിച്ചിരുന്നു.
പുതിയ നിയമം തുടക്കം മാത്രമാണെന്നും കൂടുതൽ നിയമങ്ങൾ ആവശ്യമാണെന്നും തീവ്ര വലതുപക്ഷമായ ജ്യൂവിഷ് പവർ പാർട്ടി നേതാവ് ഇതമർ ബെൻഗിവർ പറഞ്ഞു. അതേസമയം, ഇസ്രായേൽ ഫാഷിസ്റ്റ് ഏകാധിപത്യത്തിലേക്കു നീങ്ങിയതായി കമ്യൂണിസ്റ്റ് പാർട്ടിയായ ഹാദഷിന്റെ പാർലമെന്റ് അംഗം ഒഫർ കാസിഫ് അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.