ഗസ്സയിൽ പോകാൻ വിസമ്മതിച്ച് ഇസ്രായേൽ സൈനികർ; നിരസിച്ചാൽ തടവ് ശിക്ഷ ലഭിക്കുമെങ്കിലും മറുപടി താൽപര്യമില്ലെന്ന്
text_fieldsതെൽ അവിവ്: ഗസ്സയിലേക്ക് മടങ്ങാൻ ആയിരക്കണക്കിന് സൈനികരോട് ഇസ്രായേൽ ആവശ്യപ്പെടുമ്പോഴും താൽപര്യമില്ലെന്നാണ് മറുപടിയെന്ന് റിപ്പോർട്ട്. ഗസ്സയിൽ സേവനമനുഷ്ഠിക്കുന്നതിൽ സൈനികരുടെ അമ്മമാർക്കും താൽപര്യമില്ല. സൈനിക സേവനം നിരസിച്ചാൽ തടവ് ശിക്ഷ ലഭിക്കുമെങ്കിലും ഗസ്സയിൽ പോരാടാൻ വിസമ്മതിക്കുകയാണ് ചെറുപ്പക്കാരായ സൈനികർ.
രണ്ട് വർഷത്തെ യുദ്ധത്തിൽ ഇത് പുതിയ പ്രതിഭാസമാണെങ്കിലും ഇസ്രായേലിന്റെ സൈനിക നടപടികളെ ബാധിച്ചിട്ടില്ല. ബന്ദികളെ തിരികെ കൊണ്ടുവരാൻ ഹമാസുമായി കരാറിലെത്തുന്നതിനു പകരം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രാഷ്ട്രീയ ആവശ്യങ്ങൾക്കായി യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഇസ്രായേലികൾ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് സൈനികരുടെ വിസമ്മതം.
ഗസ്സയിലെ നിരന്തര ആക്രമണം കാര്യമായ നേട്ടമുണ്ടാക്കില്ലെന്നും ബന്ദികളെ അപകടത്തിലാക്കുമെന്നും വിരമിച്ച പ്രമുഖ സുരക്ഷ ഉദ്യോഗസ്ഥരടക്കം ഭയപ്പെടുന്നുണ്ട്. യുദ്ധം അഴിച്ചുവിട്ട മാനുഷിക ദുരന്തവും ഉപരോധവും കാരണം ഇസ്രായേൽ അന്താരാഷ്ട്രതലത്തിലും വിമർശനം നേരിടുകയാണ്.
പട്ടാളസേവനം നിരസിക്കാൻ ആവശ്യപ്പെടുന്ന അമ്മമാർക്ക്, മക്കളുടെ ജീവൻ നഷ്ടമാകുമെന്ന ഭയമാണ്. സൈനികർ ക്ഷീണിതരും മനോവീര്യം തകർന്നവരും എന്തിനാണ് പോരാടുന്നതെന്ന് അറിയാത്തവരുമാണെന്ന് ഡോക്ടർ കൂടിയായ യുവസൈനികൻ വ്ഷലോം സോഹർ സാൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.