ആണവകേന്ദ്രത്തിൽ നിർമാണം തകൃതിയാക്കി ഇസ്രായേൽ
text_fieldsദുബൈ: അണ്വായുധ കേന്ദ്രത്തിൽ പുതിയ കെട്ടിട നിർമാണം തകൃതിയാക്കി ഇസ്രായേൽ. പുതിയ ആണവനിലയമോ അണ്വായുധ നിർമാണകേന്ദ്രമോ ആണ് ഒരുങ്ങുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങൾവെച്ച് റിപ്പോർട്ടുകൾ പറയുന്നു. ഡിമോണ നഗരത്തിന് സമീപം ഇസ്രായേലിന്റെ ഏറ്റവും വലിയ ആണവകേന്ദ്രമായ ഷിമോൺ പെരസ് നെഗേവ് നൂക്ലിയർ റിസർച്ച് സെന്ററിലാണ് നിർമാണം തകൃതിയാക്കിയത്.
കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യു.എസും ഇസ്രായേലും ചേർന്ന് ബോംബിട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് അണ്വായുധം നിർമിക്കുമെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിനു പിന്നാലെ ഇസ്രായേലിൽ ആണവകേന്ദ്രം കൂടുതൽ വിപുലീകരിക്കുന്നത് പശ്ചിമേഷ്യയിൽ ആശങ്കയുണർത്തുന്നതാണ്.
ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച വിദഗ്ധർ അണ്വായുധ പദ്ധതിയുടെ ഭാഗമായ പുതിയ ഹെവി വാട്ടർ റിയാക്ടറാണിതെന്ന് വിശദീകരിക്കുന്നു. മേഖലയിലെ ഏറ്റവും വലിയ ആണവ ശക്തിയായിട്ടും തങ്ങളുടെ വശം അണ്വായുധങ്ങളുണ്ടെന്ന് സമ്മതിക്കുകയോ നിഷേധിക്കുകയോ ഇസ്രായേൽ ചെയ്തിട്ടില്ല.
90ഓളം അണ്വായുധങ്ങൾ ഇസ്രായേൽ കൈവശം വെക്കുന്നതായാണ് 2022ലെ ബുള്ളറ്റിൻ ഓഫ് ആറ്റമിക് സയന്റിസ്റ്റ്സ് കണക്ക്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽ അംഗമല്ലാത്തതിനാൽ ഇസ്രായേലിലെ ആണവ കേന്ദ്രങ്ങളിൽ വിദേശ നിരീക്ഷണവും പരിശോധനയും സാധ്യമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.