ഗസ്സയിൽ 27,000 പിന്നിട്ട് കുരുതി; യമനിൽ ഹൂതി കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം
text_fieldsറാമല്ല: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേർ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, മരിച്ചവരുടെ എണ്ണം 27,000 പിന്നിട്ടപ്പോൾ പരിക്കേറ്റവരുടെ എണ്ണം 66,139 ആയി.
അതിനിടെ, യമനിൽ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക. ആക്രമണത്തിന് തയാറായിനിന്ന 10 ഡ്രോണുകളും ഒരു സൈനിക കേന്ദ്രവുമാണ് ആക്രമിച്ചതെന്നാണ് യു.എസ് സൈനിക വിശദീകരണം. വ്യാഴാഴ്ചയും ഒരു കപ്പലിനു നേരെ ഹൂതികൾ ആക്രമണം നടത്തി. ചെങ്കടൽ വഴിയുള്ള ചരക്കുകടത്ത് മുടങ്ങിയത് തങ്ങളുടെ സമ്പദ്‍വ്യവസ്ഥ അസ്ഥിരപ്പെടുത്തുന്നതായി ഇറ്റാലിയൻ പ്രതിരോധ മന്ത്രി പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, ഇസ്രായേലിന് നൽകുന്ന നിരുപാധിക പിന്തുണ പരിശോധിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ഫെഡറൽ കോടതി ജഡ്ജി ആവശ്യപ്പെട്ടു. ഇസ്രായേലിന് ബൈഡൻ ഭരണകൂടം നൽകുന്ന സഹായം അവസാനിപ്പിക്കാനാവശ്യപ്പെട്ട് നൽകിയ കേസ് തള്ളിയ ശേഷമായിരുന്നു നിർദേശം. വിദേശനയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയമായി തീരുമാനിക്കേണ്ടതാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സഹായം റദ്ദാക്കണമെന്ന അപേക്ഷ കോടതി തള്ളിയത്.
യു.എസ് കാർമികത്വത്തിൽ ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം തയാറാക്കിയ വെടിനിർത്തൽ പ്രമേയം പരിഗണിച്ചുവരുകയാണെന്ന് ഹമാസ് അറിയിച്ചു. തുടർ ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൈറോയിലെത്തുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം തടവുകാരെ മോചിപ്പിക്കാൻ നിർദേശിക്കുന്നതാണ് രണ്ടു മാസ വെടിനിർത്തൽ കരാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.