ഫ്രാൻസിൽ മസ്ജിദിൽ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതി ഇറ്റലിയിൽ പിടിയിൽ
text_fieldsപാരിസ്: തെക്കൻ ഫ്രാൻസിൽ മസ്ജിദിൽ കയറി ഒരാളെ കുത്തിക്കൊലപ്പെടുത്തി നാടുവിട്ട പ്രതി ഇറ്റലിയിൽ പൊലീസിൽ കീഴടങ്ങി. ഖനന മേഖലയായ ലാ ഗ്രാൻഡ് കോംബിലെ മസ്ജിദിൽ ശുചീകരണ ജോലി നടത്തുകയായിരുന്ന അബൂബക്കർ സിസെ എന്ന വിശ്വാസിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ കൊലപാതകം. ഫ്രഞ്ച് പൗരനായ ഒലിവിയർ ആണ് പ്രതി.
മൊബൈലിൽ പകർത്തി ഓൺലൈനിൽ പോസ്റ്റ് ചെയ്താണ് അക്രമി കൃത്യം നടത്തിയിരുന്നത്. ഇസ്‍ലാമോ ഫോബിയ കാരണമുള്ള ആക്രമണമാണിതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രൻസ്വ ബയ്റൂ പറഞ്ഞു. വംശവെറിക്കും മതസ്പർധക്കും ഫ്രാൻസിൽ സ്ഥാനമില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വ്യക്തമാക്കി.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിൽ എത്തിയപ്പോഴാണ് അബൂബക്കർ സിസെയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് അബൂബക്കർ പള്ളിയിൽ ഒറ്റയ്ക്കായിരുന്നു. നിരവധി തവണ കുത്തിയ ഒലിവിയർ, തുടർന്ന് ഇസ്‍ലാമിനെ അവഹേളിക്കുന്ന തരത്തിൽ ആക്രോശിച്ചുകൊണ്ട് മൊബൈൽ ഫോണിൽ ദൃശ്യം ചിത്രീകരിച്ചു. കൊലപാതകത്തെത്തുടർന്ന് മൂന്ന് ദിവസമായി ഒളിവിൽ പോയ പ്രതി ഞായറാഴ്ച മധ്യ ഇറ്റലിയിലെ ഫ്ലോറൻസിനടുത്തുള്ള പിസ്റ്റോയയിലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കാനഡയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി 11 പേർ കൊല്ലപ്പെട്ടു
ഓട്ടവ: കാനഡയിലെ വാൻകൂവറിൽ സ്ട്രീറ്റ് ഫെസ്റ്റിവലിലേക്ക് കാർ ഇടിച്ചുകയറ്റിയ ആക്രമണത്തിൽ മരണം 11 ആയി. 20ൽ അധികം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 8.14നാണ് സംഭവം. വാൻകൂവറിൽ ഫിലിപ്പീനോ സമൂഹത്തിന്റെ ലാപു ലാപു ഡേ ഫെസ്റ്റിവലിനിടയിലേക്ക് കറുത്ത എസ്.യു.വി ഇടിച്ചുകയറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാൻകൂവർ സ്വദേശിയായ 30കാരൻ കെയ് ജി ആദം ലോവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യ പ്രശ്നങ്ങളുണ്ടെന്നും തീവ്രവാദ ലക്ഷ്യത്തോടെയല്ല ആക്രമണമെന്നും പൊലീസ് വിശദീകരിച്ചു. അഞ്ചിനും 65നുമിടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.