ഇസ്രായേലിന് കനത്ത തിരിച്ചടി; പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറി ഇറ്റലി
text_fieldsറോം: ഇറാനെതിരായ യുദ്ധത്തിൽ കൂടുതൽ ഒറ്റപ്പെട്ട് ഇസ്രായേൽ. ഇസ്രായേലുമായുള്ള സൈനിക പ്രതിരോധ കരാറിൽനിന്ന് പിന്മാറുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി. മെലോണിയുടെ വലതുപക്ഷ സർക്കാർ യൂറോപ്പിലെ ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായാണ് അറിയപ്പെട്ടിരുന്നത്.
ലബനാനിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയെ ശക്തമായി വിമർശിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് ഇറ്റലിയുടെ നടപടി. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി ലബനാനിൽ സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയൻ സൈനികർക്കും ഇസ്രായേലിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇറാനെതിരായ യു.എസ് സൈനിക നീക്കത്തിൽ പങ്കാളികളാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഇറ്റലി, യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമമേഖലയിൽ വിലക്കും ഏർപ്പെടുത്തി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നത് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചതായി ജോർജിയ മെലോണി പറഞ്ഞു. ഇസ്രായേലുമായുള്ള സൈനിക പരിശീലന സഹകരണം ഇറ്റലി അവസാനിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, പ്രതിരോധ മന്ത്രി ഗ്വിഡോ ക്രൊസെറ്റോ, ഉപ പ്രധാനമന്ത്രി മത്തേയോ സാൽവിനി എന്നിവരുമായി ആലോചിച്ചാണ് മെലോണി തീരുമാനം പ്രഖ്യാപച്ചത്. അതേസമയം, ഇസ്രായേൽ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ലിയോ പതിനാലാമൻ മാർപാപ്പക്കെതിരായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക്ഷേപ പരാമർശങ്ങളെയും മെലോണി അപലപിച്ചു. പരാമർശം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ, അവർ ലിയോ പോപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ്രായേലുമായുള്ള സുരക്ഷാ സഹകരണ കരാർ നിർത്തിവെക്കാനുള്ള റോമിന്റെ തീരുമാനം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നാണംകെട്ട പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പ്രതികരിച്ചു. മെലോണി ഒരു ഇടതുപക്ഷ-പുരോഗമന യൂറോപ്യൻ നേതാവല്ലെന്നും അവർ വലതുപക്ഷ-യാഥാസ്ഥിതിക ചേരിയിലാണെന്നും തീവ്രവാദത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകത അവർക്ക് മനസ്സിലാകും. നമ്മുടെ സുഹൃത്തുക്കളും സ്വാഭാവിക സഖ്യകക്ഷികളുമായി കരുതപ്പെടുന്നവരുടെ കാര്യത്തിൽ പോലും ഇസ്രായേലിന്റെ താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തങ്ങൾ അധികാരത്തിൽ തിരിച്ചുവരുമെന്നും ഇസ്രായേൽ വീണ്ടും എല്ലാവരും സ്നേഹിക്കാൻ ആഗ്രഹിക്കുന്ന രാജ്യമായി മാറുമെന്നും ലാപിഡ് പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ കാലത്ത് 2003ൽ ഒപ്പുവച്ച ധാരണാ പത്രം പ്രതിരോധ, ശാസ്ത്ര ഗവേഷണ മേഖലകളിലെ സഹകരണത്തിന് അടിത്തറ പാകിയിരുന്നു. 2005ൽ ഇറ്റലി അംഗീകരിച്ച കരാർ, എല്ലാ അഞ്ച് വർഷം കൂടുമ്പോഴും പുതുക്കുന്നതാണ്.
അതിനിടെ, യു.എസിന്റെ ഹുർമുസ് ഉപരോധത്തിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുകയാണ്. ഹുർമുസ് കടലിടുക്കിലും ഇറാൻ തുറമുഖങ്ങളിലും യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തെ ചൈന അപലപിച്ചു. യു.എസ് നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനെ സഹായിക്കുവെന്ന് ചൈന മുന്നറിയിപ്പ് നൽകി. ഉപരോധം അപകടകരവും നിരുത്തരവാദപരവുമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗ്വോ ജിയകുൻ പ്രതികരിച്ചത്. താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഇത്തരം നടപടികൾ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ തകിടം മറിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
ഹുർമുസിനു ചുറ്റുമുള്ള ഏതൊരു സംഘർഷവും ആഗോള എണ്ണ വിതരണ ശൃംഖലയെ താറുമാറാക്കുമെന്ന് ദക്ഷിണ കൊറിയ പ്രസിഡന്റ് ലീ ജെയ് മ്യൂങ് മുന്നറിയിപ്പ് നൽകി.
ഇസ്ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹുർമുസ് കടലിടുക്കിൽ യു.എസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ പ്രഖ്യാപനം നടപ്പാക്കി. ഗൾഫ് കടലിടുക്കിലെ ഇറാന്റെ മുഴുവൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ള കപ്പലുകളും തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യു.എസ് നടപടി ആഗോള എണ്ണ വിപണിയിൽ വിലകുതിപ്പിന് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

