Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമനസ്സ് തുറന്ന് ജസീന്ത:...

മനസ്സ് തുറന്ന് ജസീന്ത: ‘ഏറെക്കാലത്തിനുശേഷം നന്നായി ഉറങ്ങി, പ്രധാനമന്ത്രി പദവി ഒഴിയുന്ന തീരുമാനത്തിൽ ഖേദമില്ല’

text_fields
bookmark_border
മനസ്സ് തുറന്ന് ജസീന്ത: ‘ഏറെക്കാലത്തിനുശേഷം നന്നായി ഉറങ്ങി, പ്രധാനമന്ത്രി പദവി ഒഴിയുന്ന തീരുമാനത്തിൽ ഖേദമില്ല’
cancel

വെലിങ്ടൺ: പദവി ഒഴിയാനുള്ള തീരുമാനത്തിൽ ഖേദമില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. തനിക്ക് ആശ്വാസവും ദുഃഖവുമടക്കം സമ്മിശ്രവികാരങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ഏറെക്കാലത്തിനുശേഷം ആദ്യമായി താൻ നന്നായി ഉറങ്ങിയെന്നും അവർ പറഞ്ഞു.

ന്യൂസിലൻഡ് ജനതയെയും അനുയായികളെയും വിമർശകരെയും ഞെട്ടിച്ച അപ്രതീക്ഷിത പ്രഖ്യാപനത്തിന് ഒരു ദിവസത്തിനുശേഷം നേപ്പിയറിലെ വിമാനത്താവളത്തിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഒക്ടോബർ 14ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജസീന്തയുടെ ലേബർ പാർട്ടിക്ക് മുന്നോട്ടുള്ള വഴി ബുദ്ധിമുട്ടേറിയതാണ്.

2017ൽ അധികാരത്തിലെത്തിയതിനുശേഷമുള്ള ഏറ്റവും മോശം നിലയിലാണ് ജനപ്രീതിയെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥ, ജീവിതച്ചെലവ് പ്രതിസന്ധി, കുറ്റകൃത്യങ്ങളുടെ നിരക്കിനെക്കുറിച്ചുള്ള ആശങ്കകൾ എന്നീ പ്രശ്നങ്ങളും വെല്ലുവിളിയാണ്.

തന്റെ പകരക്കാരനാകാൻ സാധ്യതയുള്ള ആരെയും പരസ്യമായി പിന്തുണക്കില്ലെന്നും ജസീന്ത പറഞ്ഞു.

സ്ത്രീവിരുദ്ധ അനുഭവങ്ങൾ തീരുമാനത്തിന് ശക്തിപകർന്നതായ ആരോപണങ്ങൾ അവർ തള്ളി. ഫെബ്രുവരി ഏഴിനാണ് പ്രധാനമന്ത്രിപദവും ലേബർ പാർട്ടി നേതൃസ്ഥാനവും ജസീന്ത ഒഴിയുക. പുതിയ നേതാവിനായി ലേബർ പാർട്ടി എം.പിമാർ ജനുവരി 22ന് വോട്ടെടുപ്പ് നടത്തും. ഒരു സ്ഥാനാർഥിക്കും മൂന്നിൽ രണ്ട് പിന്തുണ ലഭിച്ചില്ലെങ്കിൽ തീരുമാനം ലേബർ അംഗങ്ങൾക്കു വിടും. എന്നാൽ, ഞായറാഴ്ച പിൻഗാമിയെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർഡേൻ പറഞ്ഞു.

സാധ്യതയുള്ള നാലുപേർ

നിലവിൽ വിദ്യാഭ്യാസ, പൊലീസ്, പൊതുസേവന വകുപ്പുകൾ കൈകാര്യംചെയ്യുന്ന 44കാരനായ ക്രിസ് ഹിപ്കിൻസ്, നീതിന്യായമന്ത്രി കിരി അലൻ (39), ഗതാഗത, ജോലിസുരക്ഷ മന്ത്രി മൈക്കൽ വുഡ് (42), വിദേശകാര്യമന്ത്രി നനയ മഹൂത (52) എന്നിവരാണ് പിൻഗാമികളുടെ പട്ടികയിലുള്ളത്. ക്രിസ് ഹിപ്കിൻസിനാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്. മഹാമാരി രാജ്യത്തെ പിടിമുറുക്കിയ കാലയളവിൽ കോവിഡ് മന്ത്രിയെന്ന നിലയിലുള്ള മികച്ച പ്രവർത്തനം പ്രശംസനേടിയിരുന്നു. 2022ലാണ് പൊലീസ് മന്ത്രിയായത്. സഭാനേതാവായും പ്രവർത്തിക്കുന്നു. രണ്ടു വിദ്യാഭ്യാസമന്ത്രിമാരുടെ ഉപദേഷ്ടാവായിരുന്നു. മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഓഫിസിലും സേവനമനുഷ്ഠിച്ചു.

കിരി അലൻ വിജയിച്ചാൽ മാവോറി ഗോത്രത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാകും. ദുരന്തനിവാരണ വകുപ്പിന്റെ ചുമതലയുമുണ്ട്. 2017ൽ പാർലമെന്റ് അംഗമാകുന്നതിനുമുമ്പ് കിരി അലൻ കാർഷിക വ്യവസായ മാനേജരായിരുന്നു.

മൈക്കൽ വുഡ് 2016ലാണ് പാർലമെന്റിലെത്തുന്നത്. 2022ൽ മന്ത്രിസഭ പുനഃസംഘടനയിൽ എമിഗ്രേഷൻ വകുപ്പിന്റെ ചുമതലകൂടി ലഭിച്ചു.പാർലമെന്റ് അംഗമാകുന്നതിനുമുമ്പ് ഓക്ക്‌ലൻഡിലെ സിറ്റി കൗൺസിലിലും സേവനമനുഷ്ഠിച്ചു.

26 വർഷത്തെ പ്രവർത്തനപരിചയമുള്ള മുതിർന്ന പാർലമെന്റേറിയയായ നനയ മഹൂതയും പട്ടികയിലുണ്ട്. 2020ൽ വിജയിച്ച് ന്യൂസിലൻഡിലെ ആദ്യ വനിത വിദേശകാര്യ മന്ത്രിയായി. അന്നുമുതൽ വകുപ്പിന്റെ ചുമതലയുണ്ട്. തദ്ദേശഭരണ വകുപ്പിന്റെയും മാവോറി ഗോത്രവികസനത്തിന്റെയും ചുമതലകൂടിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacinda ArdernNew Zealand PM
News Summary - Jacinda Ardern: New Zealand PM says no regrets over decision to step down
Next Story