ഉറങ്ങിനേടാം 13 ലക്ഷം രൂപ; ജപ്പാനിൽ സ്ലീപ്പിങ് മത്സരത്തിന് ഒരുക്കം, വിജയികളെ കണ്ടെത്തുന്നത് ഇങ്ങനെ...
text_fieldsടോക്യോ: വെറുതെ ഒന്ന് ഉറങ്ങിയാൽ ലക്ഷക്കണക്കിന് രൂപ സമ്മാനം ലഭിച്ചാലോ? കേൾക്കാൻ കൗതുകം തോന്നാമെങ്കിലും അങ്ങനെയൊരു മത്സരത്തിന് ഒരുങ്ങുകയാണ് ജപ്പാൻ. 'മാട്രേസ് ബൈ കോല' എന്ന് പേരിട്ടിരിക്കുന്ന വേറിട്ട ഉറക്ക മത്സരത്തിൽ വിജയിയെ കാത്തിരിക്കുന്നത് 22.2 ലക്ഷം യെൻ (ഏകദേശം 13.76 ലക്ഷം രൂപ) ആണ്.
പ്രമുഖ ജാപ്പനീസ് മെത്ത നിർമ്മാണ കമ്പനിയായ 'കോല ജപ്പാൻ'ആണ് ഈ മത്സരത്തിന് പിന്നിൽ. ഒക്ടോബർ അഞ്ചിന് ടോക്യോയിലെ മിനാട്ടോ വാർഡിലുള്ള ഷെയർ ഗ്രീൻ മിനാമി അയോമായിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
മത്സരം എങ്ങനെ?
90 മിനിറ്റ് വീതമുള്ള മൂന്ന് മത്സരങ്ങളാണ് ദിവസേന നടക്കുക. ഓരോ മത്സരത്തിലും ഏകദേശം 20 പേർക്ക് പങ്കെടുക്കാം. കോല മെത്തകളിൽ കിടന്ന് മത്സരാർത്ഥികൾ ഉറങ്ങാനാണ് ശ്രമിക്കേണ്ടത്. എന്നാൽ ഏറ്റവും കൂടുതൽ സമയം ഉറങ്ങുന്ന ആളല്ല മത്സരത്തിൽ വിജയിക്കുക.
ഉറക്കത്തിന്റെ ആഴം, നിലവാരം, എത്ര പെട്ടെന്ന് ഉറക്കത്തിലേക്ക് വീണു, ഉറക്കത്തിലെ സ്ഥിരത തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി തയ്യാറാക്കുന്ന 'സ്ലീപ്പ് സ്കോറിങ്' അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ കണ്ടെത്തുക. ഇതിനായി മത്സരാർത്ഥികൾ പ്രത്യേക സ്ലീപ്പ് മോണിറ്ററിംഗ് ഉപകരണങ്ങൾ ധരിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും സ്കോറിങ് നടക്കുക.
മത്സരത്തിലെ പ്രധാന വെല്ലുവിളി
ലളിതമായ ഒരു ഉറക്കമല്ല ഈ മത്സരത്തിലുള്ളത്. മത്സരാർത്ഥികൾ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി തടസ്സങ്ങളും ശബ്ദങ്ങളും സംഘാടകർ ഉണ്ടാക്കും. ഈ അസ്വസ്ഥതകൾക്കിടയിലും തങ്ങളുടെ ഉറക്കം കളയാതെ പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ഇവിടുത്തെ പ്രധാന വെല്ലുവിളി.
കർശന നിയമങ്ങൾ
മത്സരത്തിൽ കൃത്രിമം കാണിക്കുന്നത് തടയാൻ കർശന നിയമങ്ങളുണ്ട്. മത്സരാർത്ഥികൾ തലേദിവസം രാത്രി മുഴുവൻ ഉറങ്ങാതിരുന്നോ, അല്ലെങ്കിൽ അമിതമായി ക്ഷീണിച്ചോ വരാൻ പാടില്ല. കൂടാതെ ഉറക്കം വരുത്താനായി ഉറക്കഗുളികളോ മറ്റ് മരുന്നുകളോ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് മത്സരാർത്ഥികൾ ചെറിയ വ്യായാമങ്ങളിലും ഏർപ്പെടേണ്ടതുണ്ട്.
പ്രധാന സമ്മാനത്തിന് പുറമെ, ആഴത്തിൽ ഉറങ്ങുന്നവർക്കും വ്യത്യസ്തമായ കിടപ്പ് ശൈലിയുള്ളവർക്കും പ്രത്യേക പുരസ്കാരങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ ബോധവൽക്കരണം നടത്തുന്നതിനാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതെന്ന് കോല ജപ്പാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

