ഖാലിദ ജർറാർ: ഫലസ്തീൻ പോരാട്ടത്തിന്റെ ധീരമുഖം
text_fieldsഇസ്രായേൽ വിട്ടയച്ച ഫലസ്തീൻ തടവുകാരി ഖാലിദ ജർറാർ ബന്ധുക്കൾക്കൊപ്പം
ഗസ്സ: വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രായേൽ വിട്ടയച്ച ഫലസ്തീൻ തടവുകാരിൽ പ്രമുഖയാണ് ഖാലിദ ജർറാർ. പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) എന്ന സംഘടനയുടെ നേതാവായ ഖാലിദ തടവുകാരുടെ ആദ്യഘട്ട കൈമാറ്റ കരാറിെന്റ ഭാഗമായാണ് മോചിതയായത്.
ഫലസ്തീൻ വിമോചന പോരാട്ടത്തിെന്റ ധീര മുഖമാണ് ഖാലിദ ജർറാർ. ഫലസ്തീനിലെ പ്രമുഖ ഇടത് രാഷ്ട്രീയക്കാരിയും ഫലസ്തീനിയൻ ലെജിസ്ലേറ്റീവ് കൗൺസിൽ (പി.എൽ.സി) മുൻ അംഗവുമായ ഖാലിദ പലതവണ ഇസ്രായേൽ സേനയുടെ അതിക്രമത്തിന് ഇരയായിട്ടുണ്ട്. 2015ലാണ് ഇവർ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്. ‘നിരോധിത സംഘടനയിൽ പ്രവർത്തിച്ചു’ എന്നതാണ് ഇസ്രായേൽ സൈന്യം ഇവർക്കെതിരെ ചുമത്തിയ കുറ്റം. 15 മാസത്തെ തടവിനുശേഷം 2016 ജൂൺ മൂന്നിന് വിട്ടയച്ചു. എന്നാൽ, 2017ൽ വീണ്ടും അറസ്റ്റിലായി. 2021 സെപ്റ്റംബറിലാണ് രണ്ടാം ജയിൽ മോചനം ലഭിച്ചത്. എങ്കിലും, 2023 ഡിസംബർ 26ന് വീണ്ടും തടവിലായി.
ഫലസ്തീനിലെ ഏറ്റവും വലിയ വനിതാ റാലി സംഘടിപ്പിച്ചാണ് ഖാലിദ ശ്രദ്ധേയയായത്. 1989 മാർച്ചിലായിരുന്നു ഇത്. അൽ ബിരേഹിൽനിന്ന് റാമല്ലയിലേക്ക് നടത്തിയ മാർച്ചിൽ 5000ലധികം സ്ത്രീകളാണ് പങ്കെടുത്തത്. റാലിയിൽ പങ്കെടുത്തവർക്കുനേരെ ഇസ്രായേൽസേന ക്രൂരമായ ആക്രമണമാണ് നടത്തിയത്. ഖാലിദ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു.
ഫലസ്തീൻ തടവുകാർക്കുവേണ്ടിയാണ് ഖാലിദ ജീവിതത്തിെന്റ നല്ലൊരു ഭാഗവും നീക്കിവെച്ചത്. അദ്ദാമീർ പ്രിസണർ സപ്പോർട്ട് ആൻഡ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ എന്ന സംഘടനയുടെ നേതൃത്വപദവിയിലിരുന്ന് തടവുകാർക്കുവേണ്ടി അവർ പോരാടി. ഇസ്രായേൽ സേനയുടെ നിരന്തര വേട്ടക്കിരയായ ഖാലിദയുടെ ഭർത്താവ് 10 തവണയിലധികം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി സഞ്ചാര സ്വാതന്ത്ര്യ നിഷേധവും ഇവർ നേരിടുന്നുണ്ട്. ഇതിനിടയിലും അന്താരാഷ്ട്ര വേദികളിൽ ഫലസ്തീൻ വിഷയം ഉന്നയിക്കുന്നതിൽ ഖാലിദ വിജയിച്ചിട്ടുണ്ട്. ഫ്രാൻസിലെ എല്ലിസീ പാലസിൽ നടന്ന മനുഷ്യാവകാശ ഉച്ചകോടിയിൽ ഉൾപ്പെടെ അവരുടെ പോരാട്ട ശബ്ദം ഉയർന്നുകേട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.