‘മോനേ, ഞാൻ മരിക്കുമ്പോൾ നീ കരയരുതേ; ഖബറിലേക്ക് കൊണ്ടുപോകും മുമ്പ് ഇത്തിരി നേരം ഒപ്പം ഇരിക്കണം, എന്നോട് മിണ്ടണം’
text_fields‘‘ഗൈസ്, ഉമ്മയുടെ ഹൃദയവും പ്രാണനുമാണ് നീ. ഞാൻ മരിക്കുമ്പോൾ, എനിക്ക് വേണ്ടി നീ പ്രാർഥിക്കണേ. എന്നെക്കുറിച്ചോർത്ത് കരയരുതേ.’’ - ആഗസ്റ്റ് 25 ന് ഗസ്സയിലെ നാസർ ഹോസ്പിറ്റലിന് നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മറിയം ദഖ എന്ന മാധ്യമപ്രവത്തക തന്‍റെ മകന് എഴുതിയ കത്തിലെ വരികൾ യു.എൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ വായിക്കവെ, അൾജീരിയൻ അംബാസഡർ അമർ ബെൻജാമയുടെ തൊണ്ടയിടറി.
മെലിഞ്ഞുനീണ്ട്, വെയിലേറ്റ് കരുവാളിച്ച മുഖവുമായി ജേണലിസ്റ്റിന്‍റെ ഹെൽമെറ്റുമേന്തി നിൽക്കുന്ന 33 കാരി മറിയം ദഖയുടെ ചിത്രം ബെൻജാമയുടെ കൈകളിലിരുന്ന് വിറച്ചു. മറിയത്തിന്‍റെ മുഖം സദസിന് കാണാനായി ഇരു കൈകളും കൊണ്ട് ഉയർത്തി, ‘കാമറ മാത്രം ആയുധമായുണ്ടായിരുന്ന സുന്ദരിയായ, യുവ മാതാവ്’ എന്ന് പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ ബെൻജാമയുടെ കണ്ഠമിടറിയിരുന്നു. ഹാളിൽ നിശബ്ദത പടർന്നു.
രണ്ടുവർഷം മുമ്പ് ഗസ്സക്ക് മേൽ ഇസ്രായേലിന്‍റെ ആക്രമണം തുടങ്ങിയതുമുതൽ സജീവമായി മാധ്യമപ്രവർത്തനരംഗത്തുണ്ടായിരുന്നു മറിയം ദഖ. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിന് (എ.പി) വേണ്ടി വാർത്തകളും വിഡിയോകളും നൽകുകയായിരുന്നു. ഒപ്പം ഇൻഡിപെൻഡന്‍റ് അറേബ്യ പോലുള്ള മാധ്യമങ്ങൾക്ക് വേണ്ടിയും വാർത്തകൾ നൽകി. പട്ടിണി കൊണ്ട് മരണാസന്നരായ കുട്ടികളെ രക്ഷിക്കാനുള്ള നാസർ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ തീവ്രശ്രമങ്ങളെ കുറിച്ചുള്ള മറിയത്തിന്‍റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധനേടിയിരുന്നു.
ഏതുനിമിഷവും മരണം സംഭവിക്കാമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഗസ്സയിലെ മറ്റു മാധ്യമപ്രവർത്തകരെപ്പോലെ മറിയവും തന്‍റെ ഒസ്യത്ത് എഴുതി സഹപ്രവർത്തകരെ ഏൽപ്പിച്ചിരുന്നു. തന്‍റെ ഖബറടക്ക ചടങ്ങിൽ ആരും കരയരുതെന്ന് അവർ അതിൽ നിഷ്കർഷിച്ചിരുന്നു. ‘‘ഖബറിലേക്ക് കൊണ്ടുപോകും മുമ്പ് ഇത്തിരിനേരം എന്‍റെ ശരീരത്തിനൊപ്പം നിങ്ങളിരിക്കണം. എന്നോട് മിണ്ടണം’’ -ആകെ അവർക്ക് പറയാനുണ്ടായിരുന്നത് അത്രമാത്രമായിരുന്നു.
ഇതിനൊപ്പം മകൻ 13 കാരൻ ഗൈസിന് എഴുതിയ കത്താണ് അൾജീരിയൻ അംബാസഡറായ ബെൻജാമ യു.എന്നിൽ വായിച്ചത്. ഒറ്റക്കാണ് മറിയം മകനെ വളർത്തിയത്. ഭർത്താവിന് യു.എ.ഇയിലാണ് ജോലി. അതുകൊണ്ട് തന്നെ ഉമ്മയും മകനും വേർപിരിയാത്ത ബന്ധമായിരുന്നു. ഏകമകന്‍റെ സുരക്ഷയെ കരുതി യുദ്ധം തുടങ്ങുന്ന ഘട്ടത്തിൽ അവനെ യു.എ.ഇയിൽ ഭർത്താവിന് അടുത്തേക്ക് അയക്കാനും മുൻകൈയെടുത്തത് മറിയമായിരുന്നു.
രണ്ടുവർഷമായി യു.എ.ഇയിൽ കഴിയുന്ന മകനെ പിന്നീടൊരിക്കലും മറിയം കണ്ടില്ല. സദാ മകനെക്കുറിച്ച് തന്നെയാണ് മറിയം പറഞ്ഞുകൊണ്ടിരുന്നതെന്ന് സഹപ്രവർത്തകയും ആത്മസുഹൃത്തുമായ യുംന അൽസഈദ് ഓർക്കുന്നു. ‘‘അവനായിരുന്നു മറിയത്തിന്‍റെ ലോകം. അവൻ വലിയൊരു ബിസിനസുകാരൻ ആയി കാണാനായിരുന്നു ആഗ്രഹം. അവൻ ലോകമെങ്ങും യാത്ര ചെയ്യണമെന്നും ഒരുപാട് രാജ്യങ്ങൾ കാണണമെന്നും മറിയം കൊതിച്ചു. അവളുടെ എല്ലാ സ്വപ്നങ്ങളും മകനെ ചുറ്റിപ്പറ്റിയായിരുന്നു. യു.എ.ഇയിലേക്ക് അയക്കുമ്പോൾ അവന്‍റെ സുരക്ഷ മാത്രമായിരുന്നു മറിയത്തിന്‍റെ പരിഗണന. അവന് വിശക്കരുതെന്നും അവന് ദാഹിക്കരുതെന്നും അവൾ ആഗ്രഹിച്ചു’’ -യുംന പറയുന്നു.
മകന് എഴുതിയ കത്ത് യു.എന്നിൽ തുടർന്നുവായിക്കവെയാണ് ബെൻജാമക്ക് വാക്കുകൾ മുറിഞ്ഞത്; കവിളിൽ കണ്ണീർ പടർന്നത്. സദസിലും പലരും വിങ്ങി. കത്ത് ഇങ്ങനെ അവസാനിച്ചു: ‘‘മോനേ, ഒരിക്കലും, ഒരിക്കലും നീയെന്നെ മറക്കരുത്. നീ എന്നും സന്തോഷമായിരിക്കാനും സുരക്ഷിതനായിരിക്കാനും എന്നെ കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. നീ വളരും, വിവാഹം കഴിക്കും, നിനക്ക് ഒരു മകളുണ്ടാകും, അവൾക്ക് എന്‍റെ ഈ പേര് നീ ഇടണം: മറിയം’’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.