പുടിനും ഷിക്കുമൊപ്പം കിം ജോങ് ഉന്നും ചൈനയിൽ
text_fieldsവ്ലാഡ്മിർ പുടിൻ, ഷി ജിൻപിങ്, കിം ജോങ് ഉൻ
ബെയ്ജിങ്: ട്രംപ് തുടക്കമിട്ട തീരുവ യുദ്ധത്തിനെതിരെ മേഖലയിൽ പുതിയ കൂട്ടുകെട്ടിന്റെ പ്രഖ്യാപനമായി കഴിഞ്ഞ ദിവസം സമാപിച്ച ഷാങ്ഹായ് ഉച്ചകോടിക്ക് പിറകെ ചൈനയിൽ വീണ്ടും തിരക്കിട്ട നീക്കങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർക്കൊപ്പം ഉത്തര കൊറിയൻ ഭരണമേധാവി കിം ജോങ് ഉന്നും ചൊവ്വാഴ്ച ബെയ്ജിങ്ങിൽ സംഗമിച്ചു.
ഷിയുടെ ഔദ്യോഗിക വസതിയിലും പിറകെ സ്വകാര്യ ഭവനത്തിലും പുടിനുമായി സംഭാഷണം നടന്നതിന് ശേഷമായിരുന്നു കിം ജോങ് ഉൻ എത്തിയത്. രണ്ടാം ലോകയുദ്ധാവസാനത്തിന്റെ 80ാം വാർഷികം കുറിച്ച് ബുധനാഴ്ച നടക്കുന്ന കൂറ്റൻ സൈനിക പരേഡിൽ 26 രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നുണ്ട്. 14 വർഷത്തെ ഭരണത്തിനിടെ, ആദ്യമായാണ് കിം ജോങ് ഉൻ ബഹുരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രത്യേക ട്രെയിനിൽ ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി ചോ സൺ ഹൂയി അടക്കം പ്രമുഖർക്കൊപ്പം തലസ്ഥാനമായ പ്യോങ് യാങ്ങിൽനിന്ന് തിങ്കളാഴ്ചയാണ് കിം പുറപ്പെട്ടത്.
സൈനിക പരേഡിനുശേഷം മൂന്ന് രാജ്യങ്ങളും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചേക്കുമെന്ന സൂചനയും മാധ്യമങ്ങൾ നൽകുന്നുണ്ട്. 2024ൽ റഷ്യയും ഉത്തര കൊറിയയും തമ്മിൽ കരാറിലെത്തിയിരുന്നു. അടുത്തിടെ ഉടക്കിനിൽക്കുന്ന ചൈന കൂടി ഉത്തര കൊറിയയുമായി സഹകരിച്ചാൽ ഏഷ്യ-പസഫിക് മേഖലയിൽ ട്രംപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ഷാങ്ഹായ് ഉച്ചകോടിക്കായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഷി ജിൻപിങ്, പുടിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.