ജിൻ സൈനികസേവനം തുടങ്ങി; ചിത്രങ്ങൾ വൈറൽ
text_fieldsസിയൂൾ: ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ദക്ഷിണ കൊറിയന്‍ സംഗീത ബാൻഡ് ബി.ടി.എസിലെ മുതിർന്ന അംഗം ജിൻ സൈനികസേവനം ആരംഭിച്ചതിന്റെ ചിത്രങ്ങളും വിഡിയോയും വൈറൽ. ജിയോങ്ഗി പ്രവിശ്യയിൽ യോൻചനിലെ പരിശീലന ക്യാമ്പിൽ കറുത്ത ക്വിൽറ്റ് ജാക്കറ്റ് ധരിച്ച ജിൻ മറ്റ് കാഡറ്റുകൾക്കൊപ്പം വരിവരിയായി നടക്കുന്ന ആദ്യ ഫോട്ടോയും വിഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
18 മാസ പരിശീലനശേഷം ബി.ടി.എസിന്റെ 11ാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് 2024 ജൂണ്‍ 12ന് ജിന്‍ തിരിച്ചെത്തുമെന്നാണ് വിവരം. സമൂഹമാധ്യമമായ വിവേഴ്സിൽ തന്റെ സൈനിക ഹെയർകട്ട് വെളിവാക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ജിൻ ചൊവ്വാഴ്ച ആരാധകരോടു യാത്ര പറഞ്ഞു.
ബി.ടി.എസിലെ മറ്റംഗങ്ങൾ ബാൻഡിലെ മുതിർന്ന അംഗത്തിന് ആശംസ നേരുകയും ചെയ്തു. സൈനിക ക്യാംപിലേക്ക് ആരാധകരും മാധ്യമപ്രവര്‍ത്തകരും പോകരുതെന്ന് ബാൻഡിന്റെ ഏജൻസി തിങ്കളാഴ്ച അഭ്യർഥിച്ചിരുന്നു.തലമുടി മൊട്ടയടിച്ച ഗായകന്റെ ലുക്ക് ആരാധകരെ ആകെ സങ്കടത്തിലാഴ്ത്തിയിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഗീത ലോകത്തുനിന്ന് നീണ്ട ഇടവേള എടുക്കുന്നതായി ബാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. അംഗങ്ങളായ ജിന്‍, ജിമിന്, ആര്‍എം, ജെ-ഹോപ്പ്, സുഗ, വി, ജങ്കൂക്ക് എന്നിവര്‍ ഒരുമിച്ചുള്ള പ്രത്യേക അത്താഴവിരുന്നിന് ശേഷമായിരുന്നു പ്രഖ്യാപനം. ബാന്‍ഡിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ പിറ്റേന്നാണ് യൂട്യൂബില്‍ ഈ അത്താഴ വിഡിയോ പങ്കുവെച്ചത്.
ജങ്കൂക്ക്, ജിമിൻ, വി, ജെ-ഹോപ്പ്, സുഗ, ആർഎം എന്നിവരോടൊപ്പം ബി.ടി.എസ് എന്ന കെ പോപ് (കൊറിയൻ പോപ്) ബാൻഡിന്റെ ഭാഗമായിരുന്നു ജിൻ. ദക്ഷിണകൊറിയയിലെ നിയമപ്രകാരം 18നും 28നും ഇടയിലുള്ളവർ സൈനികസേവനം നടത്തണം. ബി.ടി.എസ് അംഗങ്ങൾക്കു നൽകിയ രണ്ട് വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെയാണ് 30 വയസ്സുകാരനായ ജിൻ സൈനികസേവനം ആരംഭിച്ചത്. ബാൻഡിലെ മറ്റംഗങ്ങളും താമസിയാതെ സൈനിക സേവനം ആരംഭിക്കുമെന്നാണു സൂചന. രണ്ട് വർഷത്തെ സൈനിക സേവനത്തിന് ശേഷം 2025 ൽ ബാൻഡ് പുനരാരംഭിക്കാനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.