ഭൂമി കുംഭകോണം: ശൈഖ് ഹസീനക്ക് അഞ്ചുവർഷം തടവ്
text_fieldsധാക്ക: ഭൂമി കുംഭകോണ കേസിൽ മുൻപ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഞ്ചുവർഷത്തെ തടവും അനന്തരവളും ബ്രിട്ടീഷ് എം.പിയുമായ തുലിപ് സിദ്ദീഖിന് രണ്ടുവർഷത്തെ തടവും ശിക്ഷ വിധിച്ചു.
17 പേർക്കെതിരെ ചുമത്തിയ അഴിമതി കേസിൽ ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് റബിയുൾ ആലം ഹസീനയുടെ സഹോദരി ശൈഖ് റെഹാനക്ക് ഏഴുവർഷത്തെ തടവും വിധിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ബി.എസ്.എസ് വാർത്താൃ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതികളുടെ അഭാവത്തിൽ, തിങ്ങിനിറഞ്ഞ കോടതിമുറിയിലാണ് വിധി പറഞ്ഞത്. മറ്റ് 14 പ്രതികൾക്കും അഞ്ചുവർഷം വീതമാണ് തടവ്.
ഹസീന, റെഹാന, സിദ്ദീഖ് എന്നിവരുൾപ്പെടെ 17 പ്രതികൾക്കും ഒരു ലക്ഷം ടാക്ക വീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. ഹസീനയുടെ കാലത്തെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി സഹോദരി റെഹാനയുടെ മകളായ തുലിപ് സിദ്ദീഖിനെതിരെ ഇടക്കാല സർക്കാർ ഏപ്രിലിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ബ്രിട്ടന് ബംഗ്ലാദേശുമായി കുറ്റവാളികളെ കൈമാറൽ കരാറില്ലാത്തതിനാൽ ഇവർ ശിക്ഷ അനുഭവിക്കാൻ സാധ്യതയില്ല.
കഴിഞ്ഞമാസം, പ്രത്യേക ട്രൈബ്യൂണൽ ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു. മാനവരാശിക്കെതിരായ കുറ്റങ്ങൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു ശിക്ഷ.
കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളാണ് ശിക്ഷയിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ, സർക്കാർ ഭൂമി കൈയേറിയ കേസിൽ 21 വർഷത്തെ തടവ് ശിക്ഷയും മറ്റൊരു കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

