ലിസ്ബണിൽ പുരാതന കമ്പിത്തീവണ്ടി പാളംതെറ്റി മറിഞ്ഞ് 17 മരണം
text_fieldsലിസ്ബൺ: പോർച്ചുഗലിലെ പ്രശസ്തമായ ‘ഗ്ലോറിയ ഫ്യൂണികുലാർ’ എന്ന കമ്പിത്തീവണ്ടി പാളം തെറ്റി മറിഞ്ഞ് 17 പേർ മരിച്ചു. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. തലസ്ഥാന നഗരമായ ലിസ്ബണിലെ തിരക്കേറിയ അവെനിഡ ഡാ ലിബർഡാഡെയിലാണ് 140 വർഷം പഴക്കമുള്ള ഗ്ലോറിയ ഫ്യൂണിക്യുലാർ പാളം തെറ്റി മറിഞ്ഞത്. ബുധനാഴ്ച വൈകീട്ട് പ്രാദേശിക സമയം ആറു മണിയോടെയായിരുന്നു അപകടം.
മരിച്ചവരെല്ലാം മുതിർന്നവരാണെന്നും അതിൽ വിദേശികളും ഉൾപ്പെടുമെന്നും നഗരത്തിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി മാർഗരിഡ കാസ്ട്രോ മാർട്ടിൻസ് പറഞ്ഞു. എന്നാൽ, ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരിൽ പോർച്ചുഗീസുകാർക്കു പുറെമ, രണ്ട് ജർമൻകാരും രണ്ട് സ്പെയ്ൻകാരും കാനഡ, കേപ് വെർഡെ, ഫ്രാൻസ്, ഇറ്റലി, മൊറോക്കോ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തെത്തുടർന്ന് പോർച്ചുഗൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പരിക്കേറ്റവർ കഴിയുന്ന ലിസ്ബണിലെ ആശുപത്രി മേയർ കാർലോസ് മോഡാസ് സന്ദർശിച്ചു. ലിസ്ബണിലെ പൊതുഗതാഗത ഓപറേറ്റർ മേധാവി കാരിസ് സംഭവസ്ഥലം സന്ദർശിച്ചു.
ഉയർന്ന പ്രദേശത്തുകൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഫ്യൂണിക്യുലാർ താഴേക്ക് പതിച്ചതായും അത് ശക്തിയിൽ കെട്ടിടത്തിൽ ഒരു ഇടിക്കുകയും കാർഡ്‌ബോർഡ് പെട്ടി പോലെ ചിതറുകയും ചെയ്തതായും ഒരു ദൃക്സാക്ഷി പറഞ്ഞു. അപകട സമയം എത്ര പേർ അകത്തുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് പൊലീസും മറ്റ് അടിയന്തര സേനാവിഭാഗങ്ങളും ചേർന്ന് മണിക്കൂറുകളോളമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൂർണമായും തകർന്ന ഫ്യൂണിക്യുലാറിൽ നിന്ന് ഇനിയും ആളുകളെ പുറത്തെത്തിക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഫ്യൂണിക്കുലാറിൽ നാലുവർഷത്തിനും രണ്ടുവർഷത്തിനുമിടക്കുള്ള പ്രധാന അറ്റകുറ്റപ്പണികളും, കൂടാതെ പ്രതിദിന-പ്രതിവാര-പ്രതിമാസ പരിശോധനകളും കൃത്യമായി നടത്തിയിരുന്നു എന്നാണ് കമ്പനിയുടെ വാദം. എന്നാൽ, കേബിൾ ഉപയോഗിച്ച് വലിക്കുന്ന ഫ്യൂണിക്കുലാറിന്റെ ബ്രേക്കിങ് സംവിധാനം തകരാറിലായതോടെ ഇത് കുത്തനെയുള്ള തെരുവിലൂടെ അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ദുരന്തത്തിൽ പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡിസൂസ അറിയിച്ചു. ഫ്യൂണിക്കുലാർ പ്രവർത്തിപ്പിക്കുന്ന കമ്പനി, ദേശീയ ഗതാഗത സുരക്ഷാ അതോറിറ്റി, ക്രിമിനൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ അപകടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.
എന്താണ് ഫ്യൂണിക്കുലാർ?
ഉയർന്ന ചെരിവുകളുള്ള പർവതപ്രദേശങ്ങളിൽ അപൂർവമായി റെയിൽ സംവിധാനത്തിലൂടെ ഉപയോഗിക്കുന്നതാണ് ഫ്യുണിക്യുലാർ ട്രെയിൻ. ഇവക്ക് കേബിളുകളുടെ അറ്റത്ത് ബന്ധിപ്പിച്ച രണ്ട് കാറുകളുണ്ടാവും. ഒരു കാർ താഴേക്ക് വരുമ്പോൾ, അതിന്റെ ഭാരം മറ്റേ കാറിനെ മുകളിലേക്ക് ഉയർത്താൻ സഹായിക്കും. അങ്ങനെ ഒരേ സമയം മുകളിലേക്കും താഴേക്കും സഞ്ചരിക്കാൻ സാധിക്കുന്നതാണ് ഫ്യുണിക്യുലാർ ട്രെയിൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.