ആറു മിനിറ്റ് ഭൂമി ഇരുട്ടിലാവും; നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം വരുന്നു
text_fieldsന്യൂയോർക്ക്: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി ശാസ്ത്രലോകം. ആറ് മിനിറ്റും 23 സെക്കൻഡും സമയം ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഭാഗങ്ങളെ പൂർണ ഇരുട്ടിലാക്കുന്ന സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിന് സംഭവിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ പ്രവചനം. ഇന്ത്യയിൽ ഭാഗികമായി മാത്രമാണ് ഈ നൂറ്റാണ്ടിന്റെ അത്ഭുതം ദൃശ്യമാകുന്നത്. എന്നാൽ, മലയാളികൾ ഏറെ വസിക്കുന്ന ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യപൂർവേഷ്യയിലും യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.
1991നും 2114നും ഇടയിലെ 123 വർഷത്തിനിടയിൽ സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിനാകും 2027 ആഗസ്റ്റ് രണ്ടിന് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഗോളശാസ്ത്ര വിദഗ്ധർ പ്രവചിക്കുന്നു. നൂറ്റാണ്ടിലെ സൂര്യഗ്രഹണം എന്നാണ് ‘സ്പേസ് ഡോട് കോം’ വെബ്സൈറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്.
2025ൽ അല്ല; 2027 ആഗസ്റ്റ് രണ്ടിന്
നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സൂര്യഗ്രഹണം 2025 ആഗസ്റ്റിലെന്ന് സാമൂഹികമാധ്യമ പ്രചരണമുണ്ടായെങ്കിലും ഇത് തെറ്റാണെന്ന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും മറ്റും നിരീക്ഷണ സ്ഥാപനങ്ങളും പറയുന്നു. രണ്ടു വർഷം കഴിഞ്ഞാണ് ലോകം കാത്തിരിക്കുന്ന ഈ സൂര്യഗ്രഹണമെത്തുന്നത്.
പതിവിലും കവിഞ്ഞ് കൂടുതൽ സമയം നീണ്ടു നിൽക്കുന്നതാവും ഇതെന്ന് സ്പേസ് ഡോട്കോം വ്യക്തമാക്കി. ചന്ദ്രൻ സൂര്യനെ മറക്കുമ്പോൾ, ആകാശം രാത്രിയെ പോലെ തോന്നിപ്പിക്കുകയും തിളങ്ങുന്ന സൂര്യവലയും ചന്ദ്രന് ചുറ്റും ദൃശ്യമാവുകയും ചെയ്യും.
യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ കടന്നുപോകുന്ന പാതയിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇൗജിപ്തിലായിരിക്കും ഏറ്റവും ശക്തമായ സൂര്യഗ്രഹണം.
സൗദി, ഒമാൻ ഉൾപ്പെടെ ഗൾഫിലും സൂര്യഗ്രഹണം
കാഡിസ്, ടാരിഫ ഉൾപ്പെടെ തെക്കൻ സ്പെയിനിലെ പ്രദേശങ്ങൾ. ജിബ്രാൾട്ടൾ, മൊറോക്കോ, അൽജീരിയ, ലിബിയ, തുനീഷ്യ, ഈജിപ്ത്, സുഡാൻ, സൗദി അറേബ്യ, യെമൻ, ഒമാൻ, സോമാലിയ എന്നിവടങ്ങളിലാണ് ഏറ്റവും വലിയ സൂര്യഗ്രഹണം ദൃശ്യമാകുക. ഈജിപ്തിലെ ലക്സറിൽ ശക്തമായ ഇരുട്ടുമായി, ആറ് മിനിറ്റ് 23 സെക്കൻഡും സൂര്യഗ്രഹണം ബാധിക്കും.
യൂറോപ്പ്, വടക്കൻ ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യൻ മേഖലകളിൽ ഭാഗികമായിരിക്കും. ഇന്ത്യയിൽ 10 മുതൽ 30 ശതമാനം വരെയാവും സൂര്യനെ മറക്കപ്പെടുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം നാലിന് ആറിനുമിടയിലെ സമയമായിരിക്കും പ്രകൃതിയുടെ അത്ഭുത പ്രതിഭാഗം പ്രകടമാവുന്നതെന്നും ശാസ്ത്രലോകം വെളിപ്പെടുത്തി.
നിരവധി പരീക്ഷണങ്ങൾക്കുള്ള അവസരമാക്കിയാണ് ശാസ്ത്രലോകം ഈ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുന്നത്. ഐ.എസ്.ആർ.ഒ, പ്ലാനറ്ററി സൊസൈറ്റി തുടങ്ങിയവയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ഈ കാഴ്ച അനുഭവിക്കാനും സൗകര്യമൊരുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.