ഇസ്രായേൽ സൈന്യത്തെ പൂർണമായി ലബനാനിൽനിന്ന് പിൻവലിക്കണം -മാക്രോൺ
text_fieldsബൈറൂത്: പഴയ കോളനിയായ ലബനാൻ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ബൈറൂത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൽക്കാലിക പ്രധാനമന്ത്രി നജീബ് മീകാതി അദ്ദേഹത്തെ സ്വീകരിച്ചു. ലബനാന്റെ പുതിയ പ്രസിഡന്റ് ജോസഫ് ഔനുമായി മാക്രോൺ കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ സൈന്യത്തെ പൂർണമായി ലബനാനിൽനിന്ന് പിൻവലിക്കണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ തെക്കുഭാഗത്ത് ലബനാൻ സൈന്യത്തിന് വിന്യാസം ശക്തിപ്പെടുത്താൻ ഫ്രാൻസിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നാലു വർഷത്തിനിടെ ആദ്യമായാണ് ഫ്രഞ്ച് പ്രസിഡന്റ് ലബനാനിലെത്തുന്നത്. ജനുവരി ഒമ്പതിന് ജോസഫ് ഔൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലബനാനിലെത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് മാക്രോൺ. ഇസ്രായേലുമായുള്ള അതിർത്തിയിൽ യു.എൻ സമാധാന സേനയുടെ ഭാഗമായി വിന്യസിച്ച ഫ്രഞ്ച് സൈനികരെ മാക്രോൺ സന്ദർശിക്കുമെന്നാണ് കരുതുന്നത്.
ഇസ്രായേൽ -ഹിസ്ബുല്ല യുദ്ധത്തിൽ 4000ത്തിലേറെ പേർ കൊല്ലപ്പെടുകയും 16,000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നവംബർ 27നാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. യു.എസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിലായിരുന്നു ഇത്. 60 ദിവസത്തിനകം തെക്കൻ ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറണമെന്നാണ് കരാർ. യുദ്ധത്തിൽ തകർന്ന ലബനാന്റെ പുനർനിർമാണത്തിന് അന്താരാഷ്ട്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ പുതിയ സർക്കാർ.
ലബനാനിൽനിന്ന് ഇസ്രായേൽ പിന്മാറണം –യു.എൻ
ബൈറൂത്: ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറണമെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ലബനാനിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ അതിർത്തിയിലുള്ള തെക്കൻ ലബനാനിലെ യു.എൻ സമാധാന സേനയുടെ ആസ്ഥാനം സന്ദർശിക്കുന്നതിനിടെയായിരുന്നു ഗുട്ടെറസിന്റെ പ്രസ്താവന. ഇസ്രായേൽ അതിർത്തിയിലെ ലിതാനി നദിയുടെ തെക്കുഭാഗത്ത് സാന്നിധ്യമുണ്ടായിരിക്കേണ്ട ഒരേയൊരു വിഭാഗം ലബനാൻ സർക്കാർ സേനയും യു.എൻ സമാധാന സേനയും മാത്രമാണ്. മറ്റ് ശക്തികളുടെ സാന്നിധ്യം ലബനാന്റെ സ്ഥിരത ദുർബലപ്പെടുത്തുമെന്നും ഹിസ്ബുല്ലയെ പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം ഹിസ്ബുല്ലയുടെയും മറ്റ് സംഘടനകളുടെയുമടക്കം 100ലേറെ ആയുധ ശേഖരം യു.എൻ സമാധാന സേന കണ്ടെത്തിയതായും ഗുട്ടെറസ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.