റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി ഭീതിയിൽ രാജ്യങ്ങൾ
text_fieldsറഷ്യയിലെ ഭൂചലനത്തിന് പിന്നാലെയുണ്ടായ സുനാമി മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ജപ്പാനിലെ മുകാവ പട്ടണത്തിലെ കെട്ടിടത്തിന് മുകളിൽ കയറിനിൽക്കുന്ന ജനം
വാഷിങ്ടൺ/ടോക്യോ: റഷ്യയുടെ കിഴക്കൻ മേഖലയിലെ കാംചത്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തെത്തുടർന്ന് പസഫിക് സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങൾ സൂനാമി ഭീതിയിലായി. ശക്തമായ തിരമാലകളുണ്ടായെങ്കിലും വലിയ രീതിയിൽ ശക്തിയാർജിക്കാതിരുന്നതിനാൽ സൂനാമി മുന്നറിയിപ്പ് പലയിടങ്ങളിലും പിൻവലിക്കുകയോ ജാഗ്രത നിർദേശമാക്കി മാറ്റുകയോ ചെയ്തു.
ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച 4.55നാണ് റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 18 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായതായി യു.എസ് ജിയളോജിക്കൽ സർവേ അറിയിച്ചു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല. അതേസമയം, നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങളും തുറമുഖങ്ങളും തകർന്നതിെന്റ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ആധുനിക ഭൂകമ്പ പഠനം 1900ത്തിൽ ആരംഭിച്ചതിനുശേഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് റഷ്യയിലുണ്ടായത്. 1960ൽ ചിലിയിൽ 9.5 തീവ്രത രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം. ഇതിനു മുമ്പുണ്ടായ ശക്തമായ ഭൂകമ്പം ജപ്പാനിൽ 2011ലുണ്ടായതാണ്. റിക്ടർ സ്കെയിലിൽ ഒമ്പത് തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.അമേരിക്ക, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ, ഇക്വഡോർ, പെറു, കൊളംബിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് സൂനാമി മുന്നറിയിപ്പ് നൽകിയത്. അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയുടെ തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലയുണ്ടായി.
ജപ്പാനിൽ 20 ലക്ഷം ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചു. ജപ്പാൻ തീരത്ത് 1.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടായി. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ വീടുകളുടെ മുകളിൽ അഭയംതേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.