മധ്യ ഗസ്സയിൽ കൂട്ട കുടിയിറക്കൽ
text_fieldsമൊറോക്കോയിലെ റബാത്തിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനം
ഗസ്സ സിറ്റി: കൂട്ട കുടിയൊഴിപ്പിക്കൽ നടത്തി വടക്കൻ ഗസ്സയിലേറെയും മണ്ണോടു ചേർത്തതിന് പിറകെ മധ്യ ഗസ്സയിലും സമാന കുടിയിറക്കലും തകർക്കലുമായി ഇസ്രായേൽ. മധ്യ ഗസ്സയിലെ ദൈർ അൽബലഹിലാണ് പുതിയതായി കൂട്ട കുടിയൊഴിപ്പിക്കൽ നടത്തുന്നത്. ഇവിടങ്ങളിലുള്ളവർ തെക്കൻ ഗസ്സയിലെ മുവാസിയിലേക്ക് മാറണമെന്നാണ് നിർദേശം. ഞായറാഴ്ച രാവിലെയാണ് ദൈർ അൽബലഹിലുടനീളം ഇതുസംബന്ധിച്ച അറിയിപ്പുമായി ലഘുലേഖകൾ ഇസ്രായേൽ വ്യോമമാർഗം വർഷിച്ചത്.
നിലവിൽ ഗസ്സയുടെ 65 ശതമാനത്തിലേറെ ഭൂമിയും പൂർണാർഥത്തിൽ ഇസ്രായേൽ അധിനിവേശത്തിനു കീഴിലാണ്. തെക്കൻ ഗസ്സയിലെ ചെറിയ പ്രദേശത്ത് ലക്ഷങ്ങളെ കൂട്ടമായി താമസിപ്പിച്ച് മറ്റു പ്രദേശങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ കുടിയിറക്കൽ. ഖത്തറിൽ ഹമാസുമായി വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഫലസ്തീനികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനില്ലെന്ന നിലപാടിലാണ് നെതന്യാഹു.
അതിനിടെ, ഭക്ഷണം കാത്തുനിന്നവർക്കുനേരെ നടത്തിയ വെടിവെപ്പിൽ 50ലേറെ പേർ കൊല്ലപ്പെട്ടു. സികിം അതിർത്തി വഴി വടക്കൻ ഗസ്സയിൽ എത്തിയ ട്രക്കുകളിൽനിന്ന് ഭക്ഷണം കൈപ്പറ്റാനെത്തിയവർക്കു നേരെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത. 48 പേരുടെ മൃതദേഹങ്ങൾ എത്തിയതായി ശിഫ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് അബൂസൽമിയ പറഞ്ഞു. 150ലേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ഗസ്സയിൽ സമാന സംഭവത്തിൽ 17 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 69 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ ഗസ്സയിൽ 116 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയം കണക്ക്.
ഇസ്രായേൽ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ ഗസ്സയിലെ നൂറുകണക്കിന് വിദ്യാർഥികൾ കഴിഞ്ഞ ദിവസം സെക്കൻഡറി പരീക്ഷയെഴുതി. യൂനിവേഴ്സിറ്റി പഠനമെന്ന സ്വപ്നത്തിലേക്കുള്ള അവരുടെ ആദ്യ ചുവടുവെപ്പാണ് പരീക്ഷ. ഈമാസം ആദ്യമാണ് ശനിയാഴ്ച പരീക്ഷ നടത്തുമെന്ന് ഗസ്സ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയ ഒക്ടോബർ 2023നു ശേഷം ഇതാദ്യമായാണ് ഗസ്സയിൽ ഒരു പരീക്ഷ നടക്കുന്നത്. 1500 വിദ്യാർഥികൾ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അതിനിടെ, ഒരു സൈനികൻ കൂടി ആത്മഹത്യ ചെയ്തതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആഴ്ചകൾക്കിടെ നാലാമത്തെ സൈനികനാണ് സ്വയം ജീവനെടുക്കുന്നത്. സഹായവുമായി ഇറ്റാലിയൻ കപ്പൽ ഇസ്രായേൽ ഉപരോധം മറികടന്ന് ഗസ്സയിലെത്തുകയെന്ന ലക്ഷ്യത്തോടെ ഇറ്റാലിയൻ തീരമായ ഗല്ലിപൊളിയിൽനിന്ന് സഹായങ്ങളുമായി കപ്പൽ പുറപ്പെട്ടു. ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള ദൗത്യമാണിതെന്ന് സംഘാടകർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.