ഇസ്രായേലുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനെതിരെ കൊളംബിയയിൽ കൂറ്റൻ പ്രതിഷേധം
text_fieldsബൊഗോട്ട: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെയും ഇസ്രായേലുമായി നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള പുതിയ തീവ്ര വലതുപക്ഷ സർക്കാറിന്റെ തീരുമാനത്തിനെതിരെയും കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ കൂറ്റൻ പ്രതിഷേധം. ബുധനാഴ്ച നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ബൊഗോട്ടയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ നിന്നാരംഭിച്ച റാലിയിൽ, ജറുസലേമിൽ പുതിയ കൊളംബിയൻ എംബസി തുറക്കാനുള്ള പ്രസിഡന്റ് അബെലാർഡോ ദെ ലാ എസ്പ്രിയല്ലയുടെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാർ കടുത്ത വിമർശനമുയർത്തി. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനും തുടർന്ന് ഇസ്രായേൽ ഗസ്സയിൽ ആരംഭിച്ച വംശഹത്യ യുദ്ധത്തിനും മൂന്ന് വർഷം തികയുന്ന വേളയിലാണ് റാലി സംഘടിപ്പിച്ചത്.
‘ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചപ്പോൾ, അവരുടെ ക്രൂരതകൾക്ക് കൂട്ടുനിൽക്കുന്ന രാജ്യമായി നമ്മൾ മാറുകയില്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകിയിരുന്നത്’- പ്രതിഷേധത്തിൽ പങ്കെടുത്ത നികോളാസ് ഇസാസ അൽജസീറയോട് പറഞ്ഞു. ‘എന്നാൽ ഇന്ന്, ഫലസ്തീനിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നമ്മുടെ സർക്കാർ ഒരു അതിർവരമ്പും നിശ്ചയിക്കുന്നില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.
ആസ്റ്റിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രസിഡന്റ് ദെ ലാ എസ്പ്രിയല്ല, രാജ്യത്തെ സായുധ സംഘങ്ങളെ നേരിടാനുള്ള മാർഗമായി യു.എസുമായും ഇസ്രായേലുമായും അടുത്ത ബന്ധം പുലർത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ വിമർശിച്ച് മുൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ഇസ്രായേലി ആയുധ ഇറക്കുമതി നിർത്തിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുശേഷം പുതിയ സർക്കാർ ഇസ്രായേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
പുതിയ പ്രസിഡന്റ് അധികാരമേറ്റ് ദിവസങ്ങൾക്കകം, അധിനിവിഷ്ട സിറിയൻ ഗോലാൻ കുന്നുകൾക്ക് മേലുള്ള ഇസ്രായേലിന്റെ പരമാധികാര അവകാശവാദത്തെയും കൊളംബിയൻ സർക്കാർ അംഗീകരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

