മ്യാന്മറിൽ അടിയന്തരാവസ്ഥ നീട്ടി സൈനിക ഭരണകൂടം
text_fieldsനയ് പിഡാവ്: സൈനിക ഭരണത്തിൻ കീഴിലായ മ്യാന്മറിൽ അടിയന്തരാവസ്ഥ ആറുമാസം കൂടി നീട്ടാൻ ഭരണകൂടം തീരുമാനിച്ചു. സൈന്യത്തിന്റെ ദേശീയ പ്രതിരോധ, സുരക്ഷ സമിതി നിർദേശത്തെ പിന്തുണച്ചതോടെയാണ് ജനറൽ മിൻ ഓങ് ഹ്ലെയിങ് അടിയന്തരാവസ്ഥ നീട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2021 ഫെബ്രുവരിയിൽ ജനറൽ മിന്നിന്റെ നേതൃത്വത്തിൽ സൈന്യം ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് ഭരണം കൈക്കലാക്കിയതു മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. മ്യാന്മർ മുൻ വിദേശകാര്യ മന്ത്രിയും നൊബേൽ ജേത്രിയുമായ ഓങ്സാൻ സൂചിയുടെ അടുത്ത അനുയായി അടക്കം നാല് ജനാധിപത്യവാദികളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു.
ഇതിനെതിരെ വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ ദീർഘിപ്പിക്കാനുള്ള തീരുമാനം. എന്നാൽ, പുതിയ തീരുമാനത്തിന് നിയമസാധുതയില്ലെന്ന് ആക്ടിവിസ്റ്റുകൾ കുറ്റപ്പെടുത്തുന്നു. അടുത്ത വർഷം ആഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മിൻ അറിയിച്ചിട്ടുണ്ടെങ്കിലും ജനാധിപത്യവാദികൾ വാഗ്ദാനത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.