Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി-പെസെഷ്‌കിയാൻ കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക; ഇറാനെ സഹായിച്ചാൽ ഉപരോധം ഏർപ്പെടുത്തും

text_fields
bookmark_border
മോദി-പെസെഷ്‌കിയാൻ കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക; ഇറാനെ സഹായിച്ചാൽ ഉപരോധം ഏർപ്പെടുത്തും
cancel

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യക്ക് സ്വന്തം വിദേശനയം പിന്തുടരാനുള്ള അവകാശമുണ്ടെങ്കിലും യു.എസ് ഉപരോധങ്ങൾ മറികടക്കാൻ തെഹ്റാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് റൂബിയോ വ്യക്തമാക്കി.

കിർഗിസ്ഥാനിലെ ബിഷ്‌കകിൽ നടന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറുകൾക്ക് രൂപം നൽകുന്നുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. 'ദി ബ്രയാൻ കിൽമീഡ് ഷോ' എന്ന പരിപാടിയിൽ മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ രാജ്യത്തിനും അവരുടേതായ സ്വതന്ത്രമായ വിദേശനയമുണ്ടെന്നും, ലോകത്തിലെ പല രാജ്യങ്ങളും ഇറാൻ ഭരണകൂടവുമായി നയപരമായ ചർച്ചകൾ നടത്താറുണ്ടെന്നും റൂബിയോ ചൂണ്ടിക്കാണിച്ചു. എങ്കിലും, ഉപരോധങ്ങൾ മറികടക്കാൻ ആരും ഇറാനെ സഹായിക്കരുതെന്ന അമേരിക്കയുടെ നിലപാട് റൂബിയോ ആവർത്തിച്ചു. ഭീകരവാദത്തെ പിന്തുണക്കുന്നതിനും ആണവായുധങ്ങൾ നിർമിക്കുന്നതിനുമുള്ള വരുമാനം ഉണ്ടാക്കാൻ ഇറാനെ ആരും സഹായിക്കരുതെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കിയതാണെന്ന് റൂബിയോ കൂട്ടിച്ചേർത്തു. ഇത്തരം സഹായ സംവിധാനങ്ങൾ ഒരുക്കാൻ മുന്നോട്ടുവരുന്ന രാജ്യങ്ങൾ അമേരിക്കയുടെ ഉപരോധ നടപടികൾ നേരിടേണ്ടി വരുമെന്നും റൂബിയോ കർശനമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.

ബിഷ്‌കകിൽ നടന്ന ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ തെഹ്‌റാനുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ഉഭയകക്ഷി വ്യാപാരം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് എക്സ് മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത ഇരു നേതാക്കളും, മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയും അറിയിച്ചിരുന്നു.

കൂടിക്കാഴ്ച തികച്ചും ഫലപ്രദമായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും, കപ്പൽ ഗതാഗതം, വാണിജ്യ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനും നിരന്തരമായ ഇടപെടലുകൾ ആവശ്യമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ചരക്കുകപ്പലുകളുടെ സുരക്ഷയും നാവികരുടെയും സാധാരണക്കാരുടെയും ജീവന്റെ സംരക്ഷണവും ചർച്ചകളിൽ പ്രധാന വിഷയമായി.

ബ്രിക്സ്, എസ്‌.സി.ഒ തുടങ്ങിയ ബഹുപക്ഷ സംഘടനകളിൽ ഇറാനുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ താല്പര്യപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ 12 മുതൽ 13 വരെ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മറ്റ് ഉന്നത പ്രതിനിധികളും ഈ ഉന്നതതല കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Secretary of State Rubio on PM Modi-Iran President meet
Next Story