ഇറാന്റെ മണ്ണിൽ ഡ്രോൺ താവളം ഒരുക്കി മൊസാദ്; 200ലേറെ സൈനിക വിമാനങ്ങൾ ചേർന്ന് 330ലേറെ ബോംബുകൾ വർഷിച്ചു
text_fieldsതെൽ അവീവ്: ഇറാന്റെ സൈനിക ശക്തിയുടെ മുനയൊടിച്ച ആക്രമണത്തിന് പിന്നിൽ ഇസ്രായേലിന്റെ വർഷങ്ങൾ നീണ്ട ആസൂത്രണവും രഹസ്യ നീക്കങ്ങളും. ആയുധങ്ങളും കമാൻഡോകളെയും ഇറാന്റെ ഹൃദയഭാഗത്ത് എത്തിച്ച് ഡ്രോൺ താവളംതന്നെ ഒരുക്കിയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
‘ഉണരുന്ന സിംഹം’ എന്ന് പേരിട്ട സൈനിക ഓപറേഷനിൽ 200ലേറെ സൈനിക വിമാനങ്ങൾ ചേർന്ന് 330ലേറെ ബോംബുകൾ വർഷിച്ചു. നൂറോളം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു നീക്കം. ഇസ്രായേൽ സേന ഉദ്യോഗസ്ഥനാണ് രഹസ്യ നീക്കങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇസ്രായേലിനോട് വെളിപ്പെടുത്തിയത്.
ഇസ്രായേൽ പ്രതിരോധ സേനകളും രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും ചേർന്നാണ് നീക്കങ്ങൾ ആസൂത്രണം ചെയ്തത്. തലസ്ഥാനമായ തെഹ്റാന്റെ തൊട്ടടുത്താണ് ഡ്രോൺ ബേസ് സ്ഥാപിച്ചത്. രാത്രി ഡ്രോണുകൾ പറത്തി ഇറാന്റെ മിസൈൽ വിക്ഷേപണ സൗകര്യങ്ങൾക്ക് നേരെയായിരുന്നു ആദ്യ പ്രഹരം.
ഇസ്രായേലിനെതിരെ ഇറാൻ സജ്ജമാക്കിയിരുന്ന പ്രധാന ആയുധമായിരുന്നു ഉപരിതലത്തിൽനിന്ന് ഉപരിതലത്തിലേക്കുള്ള മിസൈലുകൾ. ആയുധ സംവിധാനങ്ങൾ വഹിക്കുന്ന വാഹനങ്ങൾ ഇറാന്റെ മണ്ണിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് ഇസ്രായേലിനെ ഏറ്റവും സഹായിച്ചത്. ഈ സംവിധാനങ്ങൾ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇസ്രായേലി യുദ്ധ വിമാനങ്ങൾക്ക് മേധാവിത്വവും പ്രവർത്തന സ്വാതന്ത്ര്യവും നൽകിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
മധ്യ ഇറാനിലെ വിമാനവേധ കേന്ദ്രങ്ങൾക്ക് സമീപം മൊസാദ് കമാൻഡോകൾ കൃത്യതയുള്ള മിസൈലുകൾ വിന്യസിച്ചതാണ് മൂന്നാമത്തെ രഹസ്യ നീക്കം. ഇറാന്റെ ചാരക്കണ്ണുകൾ വെട്ടിച്ച് ഹൃദയഭാഗത്ത് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചും കൃത്യമായ ആസൂത്രണ പാടവത്തോടെയും നടത്തിയ നീക്കങ്ങളുടെ അപൂർവ ദൃശ്യങ്ങൾ മൊസാദ് പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേലിന്റെ നീക്കങ്ങളെക്കുറിച്ച് യു.എസ് ഭരണകൂടത്തിന് ഒരാഴ്ച മുമ്പ് വിവരം ലഭിച്ചിരുന്നു. ആക്രമണ പദ്ധതി സംബന്ധിച്ച് ഇരു രാജ്യങ്ങളും പരസ്പരം കൂടിയാലോചിച്ചിരുന്നതായി രഹസ്യ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇറാൻ തിരിച്ചടിച്ചാൽ ചില മിസൈലുകൾ ഇസ്രായേലിൽ പതിക്കുമെന്നാണ് സൈന്യം കണക്കുകൂട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.