ഗസ്സയിലെ ഭൂരിഭാഗം കുട്ടികളും കഴിക്കുന്നത് ഒരു നേരത്തെ ഭക്ഷണം മാത്രം
text_fieldsഖാൻ യൂനിസിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന ടെന്റിൽ ചിതറിയ ഭക്ഷ്യ വസ്തു ശേഖരിക്കുന്ന ഫലസ്തീൻ ബാലൻ
ദേർ അൽ ബലാഹ്: ഇസ്രായേൽ ആക്രമണവും വിലക്കുകളും തകർത്ത ഗസ്സ മുനമ്പിൽ ആയിരക്കണക്കിന് കുട്ടികൾ പട്ടിണിയിലും പോഷകാഹാരക്കുറവിന്റെ പിടിയിലുമാണെന്ന് റിപ്പോർട്ട്.
ഭൂരിഭാഗം കുട്ടികളും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. സന്നദ്ധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫിസാണ് (ഒ.സി.എച്ച്.എ) ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 3600ൽ അധികം കുട്ടികളാണ് മാർച്ചിൽ കടുത്ത പോഷകാഹാരക്കുറവിന് ചികിത്സ തേടിയത്. ഫെബ്രുവരിയേക്കാൾ 2000ത്തിൽ അധികം കുട്ടികൾക്കാണ് പോഷകാഹാരക്കുറവ് ബാധിച്ചത്.
പോഷക സപ്ലിമെന്റുകൾ ലഭിച്ചിരുന്ന അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം ഫെബ്രുവരിയിൽനിന്ന് മാർച്ചിൽ 70 ശതമാനം കുറഞ്ഞു. 173 ചികിത്സ കേന്ദ്രങ്ങളിൽ 60 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഒ.സി.എച്ച്.എ വ്യക്തമാക്കി. 20 ലക്ഷത്തിലേറെ വരുന്ന ഫലസ്തീനികളിൽ ഭൂരിഭാഗവും സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണമാണ് ആശ്രയിക്കുന്നത്. ഒരു ദിവസം 10 ലക്ഷം പേർക്കുള്ള ഭക്ഷണം തയാറാക്കാനേ സന്നദ്ധ സംഘടനകൾക്ക് കഴിയൂ. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ഇസ്രായേൽ വിലക്കുള്ളതിനാൽ പല സഹായ പദ്ധതികളും നിലച്ചു.
രൂക്ഷമായ വിലക്കയറ്റവും ക്ഷാമവും കാരണം വിപണിയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അന്താരാഷ്ട്ര ഭക്ഷ്യ പദ്ധതി ഏപ്രിലിൽ തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.