‘മോസ്റ്റ് ഹോളി ഫാദർ, താങ്കൾ ദയവായി ഗസ്സയിലേക്ക് പോകൂ. അവിടെ താങ്കളുടെ വെളിച്ചം കുട്ടികൾക്ക് പകരൂ..’ പോപ്പിനോട് കണ്ണീരിൽ കുതിർന്ന അഭ്യർത്ഥനയുമായി പോപ് റാണി മഡോണ
text_fieldsലണ്ടൻ: ‘മോസ്റ്റ് ഹോളി ഫാദർ, താങ്കൾ ദയവായി ഗസ്സയിലേക്ക് പോകൂ. അവിടെ താങ്കളുടെ വെളിച്ചം കുട്ടികൾക്ക് പകരൂ..’ പോപ്പ് ലിയോയോട് ഗസ്സയിലേക്ക് പൊയി അവിടത്തെ കുട്ടികൾക്ക് വെളിച്ചം പകരൂ എന്ന് ലോകപ്രശസ്ത പോപ്പ് ഗായിക മഡോണ ആവശ്യപ്പെട്ടു. മകൻ റോക്കോയുടെ 25ാം ജൻമദിനത്തോടനുബന്ധിച്ചാണ് സമൂഹമാധ്യമത്തിൽ മഡോണ ഇങ്ങനെ കുറിച്ചത്.
ഇനിയും താമസിയാതെ ഗസ്സയിലെത്തണമെന്നാണ് പോപ്പിനോട് മഡോണയുടെ അഭ്യർത്ഥന. ‘ഒരു അമ്മയെന്ന നിലയിൽ അവിടത്തെ കുട്ടികളുടെ ദയനീയാവസ്ഥ സഹിക്കാൻ വയ്യ. ലോകത്തെ കുട്ടികൾ എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. താങ്കൾ മാത്രമാണ് അവിടേക്ക് പ്രവേശനം തടയപ്പെടാത്ത ആൾ. നമുക്ക് മാനുഷികതയുടെ വാതായനങ്ങൾ തുറന്നിടേണ്ടതുണ്ട്, ഗസ്സയിലെ കുട്ടികളെ രക്ഷിക്കാനായി. ഇനിയും സമയമില്ല. അതുകൊണ്ട് ദയവായി പറയൂ താങ്കൾ പോകുമെന്ന്’-മഡോണയുടെ അഭ്യർഥന ഇങ്ങനെ.
അതേസമയം യുദ്ധത്തിൽ താൻ പക്ഷം പടിക്കുകയല്ല, താൻ ആർക്കെതിരെയും രവിരൽ ചൂണ്ടുന്നില്ല എന്നും മഡോണ പറയുന്നു. ‘ആരെയും കുറ്റപ്പെടുത്തുന്നില്ല. എല്ലാ അമ്മാരും ദുഖിക്കുന്നു. തടങ്കലിലാക്കപ്പെട്ടവരുടെ അമ്മാരും. അവർ എത്രയും വേഗം സ്വതന്ത്രരാക്കപ്പെടണം. പട്ടിണികിടന്ന് കുട്ടികൾ മരിക്കാതിരിക്കാനായി എനിക്ക് ചെയ്യാൻ പരമാവധി കഴിയുന്നത് ഞാൻ ചെയ്യുന്നു’-പോപ്പിനുള്ള തുറന്ന കത്തിൽ മഡോണ പറയുന്നു.
അടുത്തകാലത്ത് ഗസ്സയിൽ വെടിനിർത്തൽ നടത്തണമെന്ന് പോപ്പ് ലിയോ അഭ്യർഥിച്ചിരുന്നു. മുഷ്യാവകാശ നിയമങ്ങൾ പാലിക്കണമെന്നും സാധാരണക്കാരെ സംരക്ഷിക്കാൻ തയാറാകണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് പോപ്പ് അഭ്യർഥിച്ചിരുന്നു.
‘ഞാൻ വീണ്ടും അഭ്യർഥിക്കുന്നു, എത്രയും വേഗം ഈ പ്രാകൃതമായ യുദ്ധം അവസാനിപ്പിക്കൂ.’ കഴിഞ്ഞ മാസം പോപ്പ് ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.