'ഈസ്റ്റർ എഗ്'പ്രതിഷേധവുമായി മ്യാന്മർ പ്രക്ഷോഭകർ
text_fieldsയാംഗോൻ: മ്യാന്മറിൽ ജനാധിപത്യം അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെ വേറിട്ട പ്രതിഷേധവുമായാണ് ഈസ്റ്റർ ദിനത്തിൽ പ്രക്ഷോഭകർ ഒന്നിച്ചത്. പുണ്യമായ ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ കോഴിമുട്ടയിൽ മുദ്രാവാക്യങ്ങൾ എഴുതിയാണ് യാംഗോനിലും മറ്റു നഗരങ്ങളിലും അണിനിരന്നത്. ഫെബ്രുവരി ഒന്നിനുണ്ടായ പട്ടാള അട്ടിമറി ഓർമിപ്പിച്ച് മൂന്നു വിരലുകൾ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ആളുടെ ചിത്രവും യു.എന്നിനോട് സഹായം അഭ്യർഥിച്ചുള്ള എഴുത്തും കോഴിമുട്ടകളിൽ നിറഞ്ഞിരുന്നു. ഒപ്പം വിവിധയിടങ്ങളിൽ മരിച്ചവർക്കായി പൂവുകളുമായി പ്രക്ഷോഭകൾ ഒരുമിച്ചുകൂടി. 'ഈസ്റ്റർ എഗ്' പ്രതിഷേധ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാണ്ടലെയിൽ യുവാക്കൾ ബൈക്കിൽ ഒരുമിച്ചുകൂടിയാണ് പ്രതിഷേധിച്ചത്. പിന്മാനയിൽ നടന്ന പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ജനാധിപത്യ സമരങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 550 കടന്നു. ഇതുവരെ കൊല്ലപ്പെട്ടവരിൽ 46 പേർ കുട്ടികളാണെന്നാണ് അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്സ് പറയുന്നത്.
സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പോപ്പിെൻറ ഈസ്റ്റർ സന്ദേശത്തിൽ മ്യാന്മറിലെ ജനങ്ങൾക്കുവേണ്ടി പ്രത്യേക പ്രാർഥന നടന്നിരുന്നു. ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച പോപ്, ശത്രുതയെ കീഴ്പ്പെടുത്താൻ സ്നേഹത്തിനും സഹനത്തിനും മാത്രേമ കഴിയൂവെന്ന് ഓർമിപ്പിച്ചു. അതേസമയം, പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാന്മറിലെ പട്ടാള ഭരണകൂടത്തിെൻറ നടപടിയിൽ ലോകരാഷ്ട്രങ്ങൾ നിലപാടു കടുപ്പിച്ചു.
ഓങ്സാൻ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി സർക്കാറിനെ അട്ടിമറിച്ച് കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് ബഹുജനപ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമർത്തുന്നതിെൻറ ഭാഗമായി ഇതുവരെ അഞ്ഞൂറിലധികം പേരെയാണ് പൊലീസും പട്ടാളവും വെടിവെച്ചുകൊന്നത്. അട്ടിമറിക്കുശേഷം ഇതുവരെ മൂവായിരത്തിലേറെപ്പേരെ സൈന്യം തടവിലാക്കി. സൈന്യത്തിെൻറ നരനായാട്ടിനെ അപലപിച്ച് മ്യാന്മറുമായി നല്ലബന്ധം പുലർത്തുന്ന ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളടക്കം 12ഓളം രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ എന്നിവ മ്യാന്മറിനുമേൽ ഉപരോധമേർപ്പെടുത്തുകയും ചെയ്തിട്ടും പട്ടാള ഭരണകൂടം സൂചിയെ മോചിപ്പിച്ചില്ല. വിഷയത്തിൽ അടിയന്തര അന്താരാഷ്ട്ര ഉച്ചകോടി ചേരണമെന്ന് മ്യാന്മറിനായുള്ള പ്രത്യേക യു.എൻ ദൂതൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, യു.എൻ രക്ഷാസമിതി വഴി മ്യാന്മറിനെതിരെ നടപടിയെടുക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. വീറ്റോ അധികാരമുള്ള രക്ഷാസമതി സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും പട്ടാള ഭരണകൂടത്തെ ശക്തമായി പിന്തുണക്കുന്നതാണ് കാരണം. സൈനിക ദിനത്തിൽ മ്യാന്മർ പട്ടാളത്തിനൊപ്പം റഷ്യൻ പ്രതിരോധ സഹമന്ത്രിയും പങ്കെടുത്തിരുന്നു. 1962 മുതൽ 2011 വരെ പട്ടാള ഭരണത്തിലായിരുന്ന മ്യാന്മർ ജനാധിപത്യവഴിയിലേക്ക് തിരിച്ചെത്തിയെങ്കിലും ഈ അട്ടിമറിയോടെ രാജ്യം വീണ്ടും കലുഷിതമാവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.