രജിസ്ട്രേഷൻ സമയപരിധി കഴിഞ്ഞു: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും യൂട്യൂബും നിരോധിച്ച് നേപ്പാൾ
text_fieldsകാഠ്മണ്ഡു: നൽകിയ സമയപരിധിക്കുള്ളിൽ ആശയവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് നേപ്പാൾ ഭരണകൂടം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ സൈറ്റുകൾ നിരോധിച്ചു.
മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, ആഗസ്റ്റ് 28 മുതൽ സമൂഹ മാധ്യമ കമ്പനികൾക്ക് രജിസ്റ്റർ ചെയ്യാൻ ഏഴു ദിവസത്തെ സമയം നൽകിയിരുന്നു. ബുധനാഴ്ച രാത്രി സമയപരിധി അവസാനിച്ചപ്പോഴും, മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്സ് (മുമ്പ് ട്വിറ്റർ), റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ എന്നിവയുൾപ്പെടെ വമ്പൻ പ്ലാറ്റ്‌ഫോമുകളൊന്നും അപേക്ഷ സമർപ്പിച്ചില്ല. അതേസമയം ടെലഗ്രാം, ഗ്ലോബൽ ഡയറി എന്നിവ രജിട്രേഷനായി അപേക്ഷിച്ചിട്ടുണ്ടെന്നും അതിന്റെ അംഗീകാര പ്രക്രിയയിലാണെന്നും മന്ത്രാലയം അറിയിച്ചു.
ഫേസ്ബുക്കും മറ്റ് സോഷ്യൽ മീഡിയ കമ്പനികളും നേപ്പാൾ സർക്കാറിന്റെ തീരുമാനത്തെക്കുറിച്ച് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. 202ലെ സോഷ്യൽ നെറ്റ്‌വർക്കുകളുടെ ഉപയോഗം കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ പ്രകാരം നിർബന്ധമാക്കിയ രജിസ്ട്രേഷൻ പ്രക്രിയ പാലിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള തീരുമാനം കമ്യൂണിക്കേഷൻസ്-ഐ.ടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് എടുത്തതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രജിസ്റ്റർ ചെയ്യാത്ത സോഷ്യൽ മീഡിയ സൈറ്റുകൾ പ്രവർത്തനരഹിതമാക്കാനും മന്ത്രാലയം നേപ്പാൾ ടെലികമ്യൂണിക്കേഷൻസ് അതോറിറ്റിയോട് നിർദേശിച്ചു.
വ്യാഴാഴ്ച അർധരാത്രി മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ടിക്ടോക് അടക്കം ലിസ്റ്റ് ചെയ്ത മറ്റ് അഞ്ച് പ്ലാറ്റ്‌ഫോമുകളും ഈ പ്രക്രിയയിലുള്ള രണ്ടെണ്ണവും ഒഴികെ, മറ്റുള്ളവയെല്ലാം നേപ്പാളിനുള്ളിൽ നിർജീവമാകുമെന്ന് മന്ത്രാലയ വക്താവ് ഗജേന്ദ്ര കുമാർ താക്കൂർ പറഞ്ഞു. എന്നാൽ, ഏതെങ്കിലും പ്ലാറ്റ്‌ഫോം രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അത് അതേ ദിവസം തന്നെ വീണ്ടും തുറക്കുമെന്നും കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.