നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി പദം:കുൽമൻ ഗിസിങ്ങും പരിഗണനയിൽ
text_fieldsകാഠ്മണ്ഡു: നേപ്പാൾ സംഘർഷത്തിൽ സർക്കാർ വീണതിനു പിന്നാലെയുള്ള ഇടക്കാല ഭരണസംവിധാനത്തിന്, രാജ്യത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ച എൻജിനീയർ എന്ന് പേരുള്ള കുൽമൻ ഗിസിങ് നേതൃത്വം നൽകുമെന്ന് റിപ്പോർട്ട്.
കുൽമൻ ഗിസിങ്ങിന് പുറമെ കാഠ്മണ്ഡു മേയർ ബാലേന്ദ്ര ബലേൻ ഷാ, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി എന്നിവരുടെ പേരുകളും ആറുമണിക്കൂർ നീണ്ട യോഗത്തിൽ ഉയർന്നുവെന്നാണ് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ‘ജെൻ സി’ പ്രക്ഷോഭ ഗ്രൂപ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി മുൻ എം.ഡിയാണ് ഗിസിങ്. ഇദ്ദേഹം ചുമതലയേറ്റ സമയത്ത് നടപ്പാക്കിയ നയങ്ങളിലൂടെയാണ് ദീർഘകാലം നേപ്പാളിലുണ്ടായിരുന്ന 18 മണിക്കൂർ വരെ നീണ്ട പവർകട്ടിന് അന്ത്യമായത്. ജംഷഡ്പുരിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ഇദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നേടിയത്.
ഗിസിങ്ങിനെ തികഞ്ഞ ദേശീയവാദിയും എല്ലാവർക്കും താൽപര്യമുള്ള വ്യക്തിയുമായാണ് ‘ജെൻ സി’ക്കാർ കാണുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ പേര് പരിഗണനക്കുവന്നത് മാധ്യമങ്ങളോ പൊതുസമൂഹമോ പ്രതീക്ഷിച്ചതല്ല. സർക്കാർ രൂപവത്കരണം സംബന്ധിച്ച് മുൻ ചീഫ് ജസ്റ്റിസ് കർകി സൈനിക നേതൃത്വവുമായി സംസാരിച്ചതായും സൂചനയുണ്ട്. ഗിസിങ്ങിന്റെ പേര് ഉയർന്നത് പ്രക്ഷോഭകരിലെ ചേരിതിരിവുമൂലമാണെന്ന് ചില ഉന്നത കേന്ദ്രങ്ങൾ പറഞ്ഞു. നേപ്പാളി യുവതയുടെ പ്രിയങ്കരനായ ബലേൻ ഷാ സർക്കാറിനെ നയിക്കാനുള്ള വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കർകിയുടെ പേര് ഉയർന്നത്. എന്നാൽ, അവരെ പ്രക്ഷോഭകരിൽ ഒരു വിഭാഗം പിന്തുണച്ചില്ല എന്നാണ് അറിയുന്നത്. മുൻ ജഡ്ജിമാർ പ്രധാനമന്ത്രിയാകുന്നത് ഭരണഘടന അംഗീകരിക്കുന്നില്ലെന്നും 73 വയസ്സുള്ള കർകിക്ക് പ്രായം ബാധ്യതയാണെന്നും യുവാക്കളുടെ നേതൃത്വം കരുതുന്നു.
ഇടക്കാല സർക്കാറിന്റെ ഘടന എന്താണെന്ന കാര്യം വ്യക്തമല്ല. 2015ലെ ഭരണഘടന പ്രകാരം പുതിയ പ്രധാനമന്ത്രി ഭൂരിപക്ഷമുള്ള പാർട്ടിയിൽനിന്നായിരിക്കണം. അങ്ങനെയൊരാളില്ലെങ്കിൽ പ്രസിഡന്റിന് നിയമനം നടത്താം. അല്ലെങ്കിൽ ഏതെങ്കിലും എം.പിക്ക് മുന്നോട്ടുവന്ന് വിശ്വാസവോട്ടുതേടാം. അതിൽ പരാജയപ്പെട്ടാൽ സഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം.
കാഠ്മണ്ഡുവിൽ ശക്തമായ സൈനിക സാന്നിധ്യം തുടരുകയാണ്. തിങ്കഴാഴ്ച മുതലുള്ള സംഭവങ്ങളിൽ 31 പേർ മരിച്ചിട്ടുണ്ട്. 1300ലധികം പേർക്ക് പരിക്കുപറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.