തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാന് നേരെ വ്യോമാക്രമണം നടത്താൻ നെതന്യാഹുവിന്റെ നീക്കം; തടഞ്ഞ് ഇസ്രായേൽ സൈനിക മേധാവി
text_fieldsഫയൽ ചിത്രം
ജറുസലേം: 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാന് നേരെ പുതിയ വ്യോമാക്രമണം നടത്താൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രഹസ്യനീക്കം നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എന്നാൽ, ഈ നീക്കം ഗുരുതരമായ തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ സേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ നെതന്യാഹുവിന്റെ നിർദ്ദേശത്തെ ശക്തമായി ചെറുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന് നേരെ ആക്രമണം നടത്താൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി നെതന്യാഹു സൈന്യത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. നേരിട്ടുള്ള വലിയൊരു ആക്രമണത്തിന് സൈന്യം വഴങ്ങാതിരുന്നതോടെ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് രഹസ്യ സ്വഭാവത്തിലുള്ള മറ്റൊരു സൈനിക നടപടിക്ക് നെതന്യാഹു നിർബന്ധം പിടിച്ചതാണ് സൈനിക മേധാവിയുമായുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
എഴുതി നൽകാൻ ആവശ്യപ്പെട്ട് സൈനിക മേധാവി; യുദ്ധത്തിലൂടെ വോട്ട് പിടിക്കാനെന്ന് സംശയം
ഇറാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത പ്രത്യാക്രമണത്തിന് കാരണമാകുന്നതും അതീവ സങ്കീർണമായ ഈ ഘട്ടത്തിൽ മേഖലയിൽ വൻ യുദ്ധത്തിന് തിരികൊളുത്തുന്നതുമായ നിർദ്ദേശങ്ങൾ നെതന്യാഹു മുന്നോട്ടുവെച്ചതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ അവിവേകപരമായ നീക്കങ്ങളോട് വിയോജിച്ച ജനറൽ സാമിർ, സൈനിക നടപടിയുമായി ബന്ധപ്പെട്ട വിവാദ നിർദ്ദേശങ്ങൾ രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ മാധ്യമ റിപ്പോർട്ടുകൾ നെതന്യാഹുവും ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും നിഷേധിച്ചു.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇറാന് നേരെ ആക്രമണം നടത്താൻ നെതന്യാഹു തിടുക്കം കൂട്ടിയതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, ഇറാന്റെ പ്രത്യാക്രമണം വഴി രാജ്യം പൂർണ യുദ്ധത്തിലേക്ക് നീങ്ങിയാൽ തെരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവെക്കപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്യുമായിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിജയിച്ചാൽ പോലും ഒരു യുദ്ധസാഹചര്യത്തിൽ അവർക്ക് പുതിയ സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ വരികയും, നെതന്യാഹു കൂടി ഉൾപ്പെടുന്ന ഒരു 'ദേശീയ ഐക്യ സർക്കാർ' നിലനിർത്താൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകുകയും ചെയ്യുമായിരുന്നുവെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
സംയുക്ത ആക്രമണ നീക്കം തള്ളി ട്രംപ്; ഐസൻകോട്ടിന്റെ വെല്ലുവിളി
ഇറാന് നേരെ സംയുക്ത വ്യോമാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേലും നെതന്യാഹു സമ്മർദ്ദം ചെലുത്തിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, നവംബർ മൂന്നിന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപായി അത്തരം ഒരു സംയുക്ത സൈനിക നീക്കത്തിനില്ലെന്ന് ട്രംപ് ഭരണകൂടം കർശന നിലപാടെടുക്കുകയായിരുന്നു.
ഗസ്സയിലെ യുദ്ധത്തെക്കുറിച്ചുള്ള ജനഹിതപരിശോധനയായി കണക്കാക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിൽ, മുൻ കരസേനാ മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള മിതവാദ-പ്രതിപക്ഷ മുന്നണിയിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് നെതന്യാഹു നേരിടുന്നത്.
"ഇസ്രായേൽ സൈന്യത്തെ നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനിൽപ്പിനായുള്ള വെറുമൊരു കരുവായി ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കില്ല."
— ജനറൽ സാമിറിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട് വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലാണെന്ന തിരിച്ചറിവിൽ, 'ഇസ്രായേലിന്റെ അസ്തിത്വം തന്നെ നിർണയിക്കുന്ന വോട്ടെടുപ്പ്' എന്ന വൈകാരിക കാർഡാണ് നെതന്യാഹു പ്രചാരണത്തിൽ പയറ്റുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പിൽ പുതിയ വെളിപ്പെടുത്തലുകൾ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

