‘വ്യക്തി താൽപര്യം സംരക്ഷിക്കാൻ നിയമവിരുദ്ധ നടപടികൾക്ക് നെതന്യാഹു നിർബന്ധിച്ചു’; വെളിപ്പെടുത്തലുമായി ഷിൻബെത് തലവൻ
text_fieldsതെൽ അവിവ്: വ്യക്തി താൽപര്യം സംരക്ഷിക്കാൻ നിയമവിരുദ്ധ നടപടികൾക്ക് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിർബന്ധിച്ചതായി ഇസ്രായേൽ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി തലവൻ. പ്രധാനമന്ത്രിയുടെ ആവശ്യങ്ങൾ നടപ്പാക്കാൻ വിസമ്മതിച്ചതിനാലാണ് തന്നെ പുറത്താക്കിയതെന്നും ഷിൻ ബെതിന്റെ തലവനായ റോനൻ ബാർ പറഞ്ഞു. തിങ്കളാഴ്ച സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ.
കഴിഞ്ഞ മാസം ഷിൻ ബെതിന്റെ തലപ്പത്തുനിന്ന് ബാറിനെ നെതന്യാഹു പുറത്താക്കിയത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് ബാറിനെ പുറത്താക്കിയ നടപടി കോടതി താൽക്കാലികമായി റദ്ദാക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ബാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
2023 ഒക്ടോബറിലെ ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് ബാർ വിശ്വാസ വഞ്ചന കാണിച്ചതിനാലാണ് പുറത്താക്കിയതെന്നാണ് നെതന്യാഹു വിശദീകരിച്ചത്. എന്നാൽ, ഇസ്രായേൽ സർക്കാറിനെതിരെ പ്രതിഷേധിക്കുന്നവർക്കും അവർക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് പലതവണ നെതന്യാഹു ആവശ്യപ്പെട്ടിരുന്നെന്ന് ബാർ പറഞ്ഞു.
അഴിമതിക്കേസ് വിചാരണക്ക് കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ നെതന്യാഹുവിനെ സഹായിക്കുന്ന സുരക്ഷ അപേക്ഷയിൽ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. ഹമാസ് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും സർക്കാർ അവഗണിച്ചെന്നതിനെ കുറിച്ച് ഷിൻ ബെത് അന്വേഷണം നടത്തിയതും തന്നെ പുറത്താക്കാനുള്ള കാരണമാണെന്ന് ബാർ കോടതിയെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.