Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബ് പാർട്ടികളുടെ പിന്തുണയോടെ ഇസ്രായേലിൽ സർക്കാർ രൂപവത്കരിക്കില്ലെന്ന് നെതന്യാഹു

text_fields
bookmark_border
അറബ് പാർട്ടികളുടെ പിന്തുണയോടെ ഇസ്രായേലിൽ സർക്കാർ രൂപവത്കരിക്കില്ലെന്ന് നെതന്യാഹു
cancel

തെൽ അവീവ്: ഇസ്രായേലിൽ അറബ് പാർട്ടികളുടെ പിന്തുണയോടെ സഖ്യസർക്കാർ രൂപവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. താൽപര്യമുള്ള കക്ഷികളെ ഉൾക്കൊള്ളിച്ച് വിശാല ദേശീയ സർക്കാർ രൂപവത്കരിക്കാൻ തയാറാണെന്നും നെതന്യാഹു അറിയിച്ചു.

റആം, ജോയിന്റ് ലിസ്റ്റ് എന്നിവ ഉൾപ്പെടുന്ന അറബ് പാർട്ടികളുടെ പിന്തുണയിലുള്ള സർക്കാറിനെ ഇസ്രായേൽ ജനത ആഗ്രഹിക്കുന്നില്ലെന്നാണ് നെതന്യാഹുവിന്റെ വാദം. ഈ പാർട്ടികൾ ഭീകരവാദത്തെ പിന്തുണക്കുകയും ജൂതരാഷ്ട്രത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് നെതന്യാഹു വാദവുമായെത്തിയത്.

ആദ്യ ദിവസം മുതൽ തന്നെ വിശാല ദേശീയ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ പങ്കാളികൾക്കൊപ്പം ഭീകരവാദത്തെ പിന്തുണക്കാത്ത സർക്കാറിൽ ചേരാൻ താൽപര്യമുള്ള ഏത് പാർട്ടിയുമായും ചർച്ചക്ക് തയാറാണ്. ഇക്കാര്യത്തിൽ സംവാദത്തിന് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിൽ ചേരില്ലെന്ന് യിസ്രായേൽ ബെയ്തെയ്നു പാർട്ടി നേതാവ് അവിഗ്ദോർ ലിബർമാൻ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സർക്കാർ രൂപവത്കരിക്കാൻ യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ ചുമതലപ്പെടുത്തണമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗിനോട് ശിപാർശ ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. പ്രതിപക്ഷ നേതാവ് യായിർ ലാപിഡിനെ പാർലമെന്റ് സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ബി'യഹദ് വിഭാഗവും ഐസൻകോട്ടിന്റെ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഐസൻകോട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ലിബർമാൻ വിമർശിച്ചു. പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും പ്രതീക്ഷിച്ചതിനേക്കാൾ കുറവാണിതെന്നും അദ്ദേഹം പറഞ്ഞു. ഐസൻകോട്ടിന്റെ പ്രചാരണം സ്വന്തം പാർട്ടിയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകിയെന്നും ലിബർമാൻ ആരോപിച്ചു.

120 അംഗ ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ സർക്കാർ രൂപവത്കരിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നെതന്യാഹുവിനെ പിന്തുണക്കുന്ന സഖ്യത്തിന് ആകെ 53 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷ കക്ഷികൾക്ക് 48 സീറ്റും അറബ് പാർട്ടികൾക്ക് 19 സീറ്റുമാണ് ലഭിച്ചത്. അതിനാൽ അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉറപ്പാക്കുന്നതും വെല്ലുവിളിയാണ്.

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ കക്ഷികളും വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ നാലിന് ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം ലഭിച്ചശേഷം വിവിധ പാർട്ടികളുടെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് നവംബർ പത്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel Faces Government Formation Deadlock
Next Story