ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വധിക്കണം -നെതന്യാഹു
text_fieldsതെൽ അവീവ്: ഹമാസ് നേതാക്കളെ ലോകത്ത് എവിടെ കണ്ടാലും വധിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യുദ്ധത്തിനുശേഷം ഗസ്സ തങ്ങൾ തന്നെ ഭരിക്കുമെന്ന ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യയുടെയും ഖാലിദ് മിശ്അലിന്റെയും പരാമർശം ശ്രദ്ധയിൽപെടുത്തിയപ്പോൾ വാർത്തസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇന്തോനേഷ്യൻ ആശുപത്രിയിൽനിന്ന് രോഗികളെ മുഴുവൻ ഒഴിപ്പിച്ചു
ഗസ്സ: വെടിനിർത്തലിനുമുമ്പ് ഇസ്രായേൽ നടത്തിയ മാരക ബോംബിങ്ങിൽ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ് ഗസ്സയിലെ ആശുപത്രികൾ. മിക്ക ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റിയതിനാൽ ഇവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. ആശുപത്രികളെ ലക്ഷ്യമിട്ടും സേന ആക്രമണം തുടരുകയാണെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാവിലെ ജബലിയയിലെ താമസകേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ മരിച്ചു. അബൂ ഇസ്കന്ദർ പ്രദേശത്ത് വീടുകൾക്ക് ബോംബിട്ടും നിരവധി പേരെ കൊലപ്പെടുത്തി. ബൈത് ലാഹിയയിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കുനേരെയും ആക്രമണം നടത്തി. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സെൻട്രൽ ഗസ്സയിലെ ദാറുൽ ബലാഇൽ രണ്ട് വീടുകളും അപ്പാർട്മെന്റുകളും തകർത്തു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. ബുറീജ് അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ നിരവധി കുട്ടികളടക്കമുള്ളവരെ ദാറുൽ ബലാഇലെ അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു വീടുകൾ തകർന്ന് 15 പേർ കൊല്ലപ്പെട്ടു.
അതിനിടെ, ഇന്തോനേഷ്യൻ ആശുപത്രിയിൽനിന്ന് രോഗികളെ മുഴുവൻ ഒഴിപ്പിച്ച് റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് മാറ്റിയതായി അടിയന്തര രക്ഷ കമ്മിറ്റി മേധാവി സർബിനി അബ്ദുൽ മുറാദ് പറഞ്ഞു. നാലു മണിക്കൂറിനകം ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രായേൽ സേന നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
1600 ഇസ്രായേലി സൈനികർക്ക് അംഗവൈകല്യം
തെൽ അവീവ്: ഗസ്സയിൽ കരയുദ്ധം ആരംഭിച്ചതുമുതൽ 1600 ഇസ്രായേലി സൈനികർക്ക് അംഗവൈകല്യം സംഭവിച്ചതായി റിപ്പോർട്ട്. 400 സൈനികർ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണെന്നും അംഗവൈകല്യം സംഭവിച്ച ഇസ്രായേലി സൈനികർക്കായുള്ള സംഘടന മേധാവി ഐഡൻ കെൽമാൻ പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സൈനികർക്ക് ഗുരുതര പരിക്കേൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.