വെടിനിർത്തലിന് സമ്മർദം; നെതന്യാഹു ട്രംപിനെ കാണും
text_fieldsവാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തലിന് സമ്മർദം ശക്തമായതോടെ ചർച്ചക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസിലേക്ക്. അടുത്ത തിങ്കളാഴ്ച വൈറ്റ്ഹൗസിൽ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണും. ജനുവരിയിൽ ട്രംപ് അധികാരമേറിയ ശേഷം നെതന്യാഹുവിന്റെ മൂന്നാം സന്ദർശനമാണിത്. ഇറാനെതിരെ നേരിട്ട് ആക്രമണം നടത്തി ഇസ്രായേലിന് പരസ്യ പിന്തുണ നൽകിയ ശേഷമാണ് കൂടിക്കാഴ്ചയെന്ന പ്രത്യേകതയുമുണ്ട്.
ഗസ്സയിൽ അടുത്തയാഴ്ച വെടിനിർത്തൽ നടപ്പാക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ നേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തിവരുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇസ്രായേൽ നയകാര്യ മന്ത്രി റോൺ ഡെർമർ വാഷിങ്ടണിലെത്തിയിട്ടുണ്ട്. ഹമാസും ഇസ്രായേലും ഏറെയായി ചർച്ചകൾ തുടരുന്നുവെങ്കിലും താൽക്കാലിക വെടിനിർത്തൽ മാത്രമേ അംഗീകരിക്കൂവെന്ന നെതന്യാഹുവിന്റെ നിലപാട് വഴിമുടക്കുകയാണ്.
വെടിനിർത്തൽ ചർച്ച പുരോഗമിക്കുമ്പോഴും ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. ഭക്ഷണം കാത്തുനിന്ന ആൾക്കൂട്ടത്തിനിടെയുണ്ടായ ആക്രമണത്തിൽ 16 പേരടക്കം ചൊവ്വാഴ്ച 44 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവർക്കായി ഇസ്രായേൽ സേന നീക്കിവെച്ച അൽമവാസിയിൽ അഭയാർഥികൾ താമസിച്ച തമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിലെ കടൽത്തീരത്ത് കഫേ ആക്രമണത്തിൽ മരണം 38 ആയി. 24 മണിക്കൂറിനിടെ ഗസ്സയിൽ 140 ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സേന അറിയിച്ചു. ഗസ്സയിലുടനീളം ഫലസ്തീനികൾ താമസിച്ചുവന്ന വീടുകൾ സമ്പൂർണമായി നിലംപരിശാക്കുന്നതും ഇസ്രായേൽ സേന തുടരുകയാണ്.
ജി.എച്ച്.എഫ് കേന്ദ്രങ്ങൾ പൂട്ടണമെന്ന് 130 സന്നദ്ധസംഘടനകൾ
ഗസ്സയിൽ യു.എൻ ഏജൻസിയെ നിരോധിച്ച് പകരം യു.എസ് പിന്തുണയോടെ ഇസ്രായേൽ ഏർപ്പെടുത്തിയ ഭക്ഷണ വിതരണ ഏജൻസിയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) പൂട്ടണമെന്ന ആവശ്യവുമായി 130ലേറെ സന്നദ്ധ സംഘടനകൾ രംഗത്ത്. ഒരു മാസത്തിനിടെ ജി.എച്ച്.എഫ് കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ 500ലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ സേന കൊലപ്പെടുത്തിയത്. 4000ത്തോളം പേർക്ക് പരിക്കേറ്റു.
ഭക്ഷണത്തിനായി വരിനിൽക്കുന്ന കുരുന്നുകളെയടക്കം ഇസ്രായേൽ സേന പതിവായി വെടിവെച്ചുകൊല്ലുന്നത് തുടരുകയാണെന്ന് ആംനെസ്റ്റി, ഓക്സ്ഫാം, സേവ് ദ ചിൽഡ്രൻ ഉൾപ്പെടെയുള്ള സംഘടനകൾ കുറ്റപ്പെടുത്തി. 400 ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ പൂട്ടി പകരം മേയ് 26നാണ് ജി.എച്ച്.എഫ് നാല് കേന്ദ്രങ്ങൾ ഗസ്സയിൽ ഭക്ഷണ വിതരണം ഏറ്റെടുത്തത്. മാനുഷിക സഹായത്തിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് സംഘടനകൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.