പുതിയ ആഗോള കൂട്ടായ്മ രൂപവത്കരിച്ച് ചൈന
text_fieldsഹോങ്കോങ്: അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായി ചൈനയുടെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ 30ലേറെ രാജ്യങ്ങളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ എന്ന കൂട്ടായ്മയുടെ ആദ്യ കൺവെൻഷൻ ഹോങ്കോങ്ങിൽ നടന്നു. 50ഓളം രാജ്യങ്ങളുടെ പ്രതിനിധികളും യു.എൻ അടക്കമുള്ള 20ഓളം ആഗോള സംഘടനകളും കൺവെൻഷനിൽ പങ്കെടുത്തു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ അന്താരാഷ്ട്രതലത്തിൽ ചൈനയുടെ സ്വാധീനം ശക്തമാകുന്നു എന്ന സൂചന നൽകുന്നതാണ് പുതിയ കൂട്ടായ്മ. പരസ്പര ധാരണയുടെയും സമവായത്തിന്റെയും മനോഭാവത്തോടെ ഭിന്നത പരിഹരിക്കണമെന്ന് ചൈന വളരെക്കാലമായി വാദിച്ചുവരുന്നതായി വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. നിങ്ങൾ തോറ്റു, ഞാൻ ജയിച്ചു എന്ന മനോഭാവത്തെ മറികടക്കാൻ കൂട്ടായ്മ സഹായിക്കും.
അന്താരാഷ്ട്ര തർക്കങ്ങൾക്ക് സൗഹാർദപരമായി പരിഹാരം കണ്ടെത്തുന്നതിനും ആഗോള ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഹോങ്കോങ് ആസ്ഥാനമായ കൂട്ടായ്മ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടായ്മയുടെ പ്രവർത്തനം ഈ വർഷം അവസാനം തുടങ്ങുമെന്ന് ഹോങ്കോങ് നേതാവ് ജോൺ ലീ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.