ആരാകും പുതിയ മാർപാപ്പ? വത്തിക്കാനിൽ കോൺക്ലേവ് തുടങ്ങി
text_fieldsവത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാൻ 133 കര്‍ദിനാള്‍മാർ പങ്കെടുക്കുന്ന കോണ്‍ക്ലേവിന് തുടക്കം. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ബുധനാഴ്ച പ്രത്യേക കുര്‍ബാനയോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്. മൊബൈൽ ഫോണുകൾ മാറ്റിവെച്ചും വത്തിക്കാന്‍ ചുറ്റും സിഗ്നൽ ജാമറുകൾ വെച്ചും പുറംലോകവുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് 70 രാജ്യങ്ങളിൽനിന്നുള്ള കർദിനാൾമാർ ചേർന്ന് 140 കോടി വരുന്ന വിശ്വാസി സമൂഹത്തിന്റെ 267ാമത് മഹാ ഇടയനെ തെരഞ്ഞെടുക്കുക. കർദിനാൾ മാർ ക്ലിമ്മീസ്, കർദിനാൾ ജോർജ് കൂവക്കാട് എന്നിവർക്കാണ് കേരളത്തിൽനിന്ന വോട്ടവകാശം.
ഇറ്റലിക്കാരനായ കർദിനാൾ പീറ്റ്രോ പരോലിൻ, ബൊളോണ ആർച്ച് ബിഷപ്പായ കർദിനാൾ മാറ്റിയോ സുപ്പി, കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ൾ, കർദിനാൾ പാേബ്ലാ വിർജിലിയോ സിയോങ്കോ ഡേവിഡ്, കർദിനാൾ ജെറാൾഡ് സിപ്രിയൻ ലക്രോയിക്സ്, കർദിനാൾ ഫ്രിഡോളിൻ അംബോംഗോ ബെസുൻഗു, കർദിനാൾ ജോസഫ് ടോബിൻ, കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്, കർദിനാൾ ടാർസിസിയസ് ഇസാവു കികുച്ചി, കർദിനാൾ ക്രിസ്റ്റഫ് പിയറി തുടങ്ങിയവരാണ് സാധ്യത പട്ടികയിൽ മുന്നിലുള്ളത്.
വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ചയോടെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. കോണ്‍ക്ലേവിനു മുന്നോടിയായി സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകള്‍ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്.
വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ അടക്കം 173 കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പൊതുചര്‍ച്ചയില്‍ പങ്കെടുത്തതായി വത്തിക്കാന്‍ മാധ്യമവിഭാഗം ഡയറക്ടര്‍ മാറ്റിയോ ബ്രൂണി വ്യക്തമാക്കി. കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ ഇന്നുമുതലാകും വോട്ടെടുപ്പ് നടക്കുക. ആദ്യ വോട്ടെടുപ്പ് വിജയമെങ്കില്‍ പ്രാദേശികസമയം 10.30ന് വെള്ളപ്പുക കാണും. ദിവസവും രാവിലെ രണ്ടുനേരവും ഉച്ചക്ക് ശേഷം രണ്ടുനേരവും വരെ വോട്ടെടുപ്പ് നടത്താം.
മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് എത്ര ദിവസം നീളുമെന്ന് കൃത്യമായി പറയാനാകില്ല. മാർപാപ്പ സ്ഥാനാർഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് വോട്ട് ലഭിക്കുംവരെ അഥവാ, 89 പേരുടെ പിന്തുണ ഉറപ്പാക്കുംവരെ പ്രക്രിയ തുടരും. മണിക്കൂറുകള്‍ക്കകം പാപ്പയെ കണ്ടെത്തിയതും, രണ്ടു വര്‍ഷവും ഒമ്പത് മാസവും നീണ്ടതുമായ കോണ്‍ക്ലേവുകള്‍ ചരിത്രത്തിലുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.