ന്യൂയോർക്ക് നഗരത്തിൽ വെടിവെപ്പ്: മൂന്ന് പേർക്ക് പരിക്ക്; കൗമാരക്കാരൻ കസ്റ്റഡിയിൽ
text_fieldsന്യൂയോർക്ക്: ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 65 വയസ്സുള്ള വയോധികനും19 വയസ്സുകാരനും 18 കാരിക്കും വെടിയേറ്റു. പെൺകുട്ടിയുടെ കഴുത്തിലാണ് മുറിവേറ്റതെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് പറഞ്ഞു.
വെസ്റ്റ് 44-ാം സ്ട്രീറ്റിന്റെയും 7-ാം അവന്യൂവിന്റെയും കവലക്കു സമീപം രണ്ട് ആളുകൾ തമ്മിലുള്ള വാക്കു തർക്കത്തെത്തുടർന്ന് പുലർച്ചെയോടെ വെടിവെപ്പു ശബ്ദം കേട്ടതായി പറയുന്നു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും പൊലീസ് വക്താവ് പറഞ്ഞു.
17 കാരനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തു. പ്രായം കാരണം ആൺകുട്ടിയുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ ഹാർഡ് റോക്ക് കഫേക്ക് പുറത്തുള്ള തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് പരിഭ്രാന്തരായ ജനക്കൂട്ടം ഓടിപ്പോകുന്നത് കാണാം.
2025ലെ ആദ്യ ഏഴു മാസങ്ങളിൽ യു.എസിൽ 412 വെടിവെപ്പു സംഭവങ്ങളുണ്ടായി. അതിൽ 489 പേർ ഇരകളാക്കപ്പെട്ടു. ജൂലൈയിൽ, ഒരു ഓഫിസ് കെട്ടിടത്തിൽ നടന്ന കൂട്ട വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ആ കേസിലെ പ്രതിയായ 27 കാരനായ ഷെയ്ൻ തമുറ പിന്നീട് സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.