പുതിയ പള്ളികൾ, മുസ്‌ലിം മേയർ..; 9/11ന് ശേഷം വേട്ടയാടപ്പെട്ടവർ ഇന്ന് ന്യൂയോർക്കിന്റെ ഭാവി നിർണയിക്കുന്നു
text_fieldsന്യൂയോർക്ക്: 9/11 ആക്രമണത്തിന് ശേഷം അമേരിക്കയിൽ ഉയര്‍ന്നുവന്ന കടുത്ത ഇസ്‍ലാമോഫോബിയയെയും രഹസ്യ നിരീക്ഷണങ്ങളെയും അതിജീവിച്ച് ന്യൂയോർക്കിലെ മുസ്‌ലിം സമൂഹം ഇന്ന് തങ്ങളുടെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തിക്കഴിഞ്ഞു. പൊലീസിന്റെ ചാരക്കണ്ണുകളാലും വിദ്വേഷ പ്രചാരണങ്ങളാലും വർഷങ്ങളോളം വേട്ടയാടപ്പെട്ട സമൂഹം, ഇന്ന് നഗരത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ഭാവിയെ നിർണയിക്കുന്നതിൽ സുപ്രധാന ശക്തിയായി മാറിയിരിക്കുകയാണ്. സെപ്റ്റംബർ 11ലെ ആക്രമണത്തിന്റെ ഇരുപത്തഞ്ചാം വാർഷിക വേളയിൽ, അന്ന് എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന അസാദ് ദാൻഡിയ പോലുള്ളവരുടെ അനുഭവങ്ങളിലൂടെയാണ് ഈ അതിജീവനത്തിന്റെ കഥ ലോകം അറിയുന്നത്.
ആക്രമണത്തിനു ശേഷമുള്ള വർഷങ്ങളിൽ അമേരിക്കയിൽ ജീവിച്ചിരുന്ന ദീർഘകാല പ്രവാസികളും അവരുടെ കുടുംബങ്ങളും വലിയ ഭയത്തിന്റെയും പീഡനങ്ങളുടെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. നിരപരാധികളായ മുസ്‌ലിങ്ങൾക്കുമേൽ സംശയത്തിന്റെ നിഴൽ വീണ ആ കാലത്ത്, പലർക്കും സ്വന്തം പേരുകൾ പോലും ചുരുക്കിപ്പറയേണ്ടി വന്നു. ന്യൂയോർക്ക് പൊലീസിന്റെ ഭാഗത്തുനിന്നും വ്യാപകമായ രഹസ്യ നിരീക്ഷണങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. പത്തൊൻപതാം വയസ്സിൽ തന്റെ സുഹൃത്തായി കൂടെക്കൂടിയയാൾ യഥാർഥത്തിൽ പൊലീസിന്റെ വിവരദാതാവായിരുന്നു എന്ന് തിരിച്ചറിഞ്ഞ അനുഭവം അസാദ് ദാൻഡിയയെപ്പോലെയുള്ള യുവാക്കളെ മാനസികമായി തകർത്തിരുന്നു. എങ്കിലും, നിയമപോരാട്ടങ്ങളിലൂടെയും അവകാശ സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും അവർ ഈ അതിക്രമങ്ങളെ ചെറുത്തുതോൽപിച്ചു.
ഭീകരാക്രമണത്തിന് ശേഷമുള്ള ദുരനുഭവങ്ങൾക്ക് ശേഷം അസാദ് ദാൻഡിയയും മറ്റ് മനുഷ്യാവകാശ സംഘടനകളും ചേർന്ന് നടത്തിയ ശക്തമായ നിയമപോരാട്ടമാണ് ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത്. മുസ്‌ലിം സമൂഹത്തിനെതിരെ യാതൊരു തെളിവുമില്ലാതെ സമാനമായ നിരീക്ഷണ പരിപാടികൾ നടപ്പിലാക്കുന്നതിൽ നിന്ന് ന്യൂയോർക്ക് പൊലീസിനെ വിലക്കിക്കൊണ്ട് കോടതി ചരിത്രപരമായ വിധി ഉത്തരവിട്ടതാണ് വഴിത്തിരിവായത്.
കാലത്തിന്റെ മാറ്റത്തിൽ ഇന്ന് ന്യൂയോർക്ക് നഗരം പൂർണമായും രൂപമാറ്റം വന്നിരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നഗരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുസ്‌ലിം മേയർ അധികാരത്തിൽ എത്തിയതും, ടൈംസ് സ്ക്വയറിൽ പരസ്യമായി പ്രാർഥനകൾ നടക്കുന്നതും, നഗരത്തിലുടനീളം പുതിയ പള്ളികൾ ഉയരുന്നതും ഈ മാറ്റത്തിന്റെ തെളിവുകളാണ്. ജനസംഖ്യയുടെ ഒമ്പത് ശതമാനത്തോളം വരുന്ന മുസലിം സമൂഹം ഇന്ന് അമേരിക്കയുടെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ തങ്ങളുടെ തുല്യ അവകാശങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. ഇസ്‍ലാമോഫോബിയ പൂർണമായി ഇല്ലാതായിട്ടില്ലെങ്കിലും, നഗരത്തിന്റെ മറ്റ് ജനവിഭാഗങ്ങളുമായി ചേർന്ന് ഒരുമിച്ച് മുന്നേറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ മുസ്‌ലിം സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

