ഒരു വിമാനംപോലും ഇന്ത്യക്ക് തകർക്കാനായിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി
text_fieldsഇസ്ലാമാബാദ്: ഓപറേഷൻ സിന്ദൂറിനിടെ ഒരു പാക് വിമാനംപോലും ഇന്ത്യക്ക് തകർക്കാനായിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ അവകാശവാദം. പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങളടക്കം ആറ് വിമാനങ്ങൾ തകർത്തതായി ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് പറഞ്ഞിരുന്നു. ഇതാണ് പാക് പ്രതിരോധമന്ത്രി നിഷേധിച്ചത്. വ്യോമസേനാ മേധാവിയുടെ പരാമർശങ്ങൾ അസംഭവ്യമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഒരു പാക് വിമാനം പോലും ഇന്ത്യൻ സൈന്യം ഇടിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് മാസത്തേക്ക് അത്തരം അവകാശവാദങ്ങളൊന്നും ഉയർന്നിരുന്നില്ല. പാകിസ്താൻ വിശദമായ സാങ്കേതിക വിശദീകരണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയിരുന്നുവെന്നും ഖ്വാജ ആസിഫ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ നഷ്ടങ്ങൾ കനത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
ഓപറേഷന് സിന്ദൂറിനിടെ അഞ്ചു യുദ്ധവിമാനങ്ങളടക്കം പാകിസ്താന്റെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്ന് എ.പി. സിങ് ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിയിലാണ് വെളിപ്പെടുത്തിയത്. യുദ്ധവിമാനങ്ങള്‍ക്കു പുറമെ, തകർക്കപ്പെട്ടത് പാകിസ്താന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാവാമെന്നും ഐ.എ.എഫ് മേധാവി പറഞ്ഞിരുന്നു. ഇന്ത്യയുടെ കൈവശമുള്ള റഷ്യൻ എസ്-400 വ്യോമപ്രതിരോധ സംവിധാനം പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിൽ കരുത്തുകാട്ടി. ദൗത്യത്തിനിടെ പാകിസ്താന്റെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഷഹബാസ് ജേക്കബാബാദിനെയും വ്യോമസേന ലക്ഷ്യമിട്ടിരുന്നു. ഇവിടെ നടത്തിയ ആക്രമണത്തിൽ നിർത്തിയിട്ടിരുന്ന ഒരു ചാരവിമാനവും ഒന്നിലധികം എഫ്-16 യുദ്ധവിമാനങ്ങളും തകർന്നതായാണ് സൂചന. പാക്കിസ്താൻ ആക്രമണത്തിന് ഉപയോഗിച്ച ആളില്ലാ വിമാനങ്ങളും ഡ്രോണുകൾ അടക്കമുളളവയും വെടിവെച്ചിട്ടു. ഇന്ത്യൻ അതിർത്തിക്കുള്ളിൽ വീണ ഇത്തരം വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ പാകിസ്താന്റെ യുദ്ധതന്ത്രങ്ങളെക്കുറിച്ച് കുടുതൽ ഉൾക്കാഴ്ച നൽകുന്നതാണ്. പ്രാദേശിക മാധ്യമങ്ങളിൽ നിന്നടക്കം കെട്ടിടങ്ങൾക്കുള്ളിൽനിന്ന് കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ ലഭ്യമായി എന്നും എ.പി. സിങ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
പാകിസ്താന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേന ഉന്നതോദ്യോഗസ്ഥരിൽനിന്നും ലഭ്യമാകുന്ന ആദ്യ സ്ഥിരീകരണമാണിത്. ഓപറേഷന് സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങളും വായുസേന മേധാവി ചടങ്ങില്‍ പങ്കുവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.