‘വല്യ കാര്യമൊന്നുമില്ല, അയാളുടെ കയ്യിൽ എല്ലാവർക്കുമൊപ്പമുള്ള പടങ്ങളുണ്ട്’: ചോർന്ന പുതിയ ചിത്രങ്ങളിൽ ട്രംപ്
text_fieldsപുതുതായി പുറത്തുവന്ന എപ്സ്റ്റീൻ ഫോട്ടോകളിൽ ട്രംപിന്റേതായി പ്രചരിക്കുന്ന ചിത്രം
വാഷിങ്ടൺ: ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും യുവതികൾക്കുമൊപ്പം നിൽക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ട്രംപ്. ഇതൊന്നും വലിയ കാര്യമല്ലെന്നും താനത് കണ്ടുപോലുമില്ലെന്നും ട്രംപ് വ്യക്തമാക്കി.
‘എല്ലാവർക്കും ഈ മനുഷ്യനെ (എപ്സ്റ്റീൻ) അറിയാമായിരുന്നു. അയാൾ പാം ബീച്ചിൽ എല്ലായിടത്തും ഉണ്ടായിരുന്നു. അയാളുടെ കയ്യിൽ എല്ലാവർക്കും ഒപ്പമുള്ള ഫോട്ടോകളുണ്ട്.. നൂറുകണക്കിന് ആളുകളുടെ ചിത്രങ്ങളുണ്ട്. വിവരം എനിക്ക് നേരത്തെ അറിയാം. ഇതിലൊന്നും വലിയ കാര്യമില്ല’ വാഷിങ്ടണിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്നുള്ള പുതിയ, 19 ഫോട്ടോകളാണ് കഴിഞ്ഞ ദിവസം ഹൌസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങൾ പുറത്തുവിട്ടത്. കമ്മിറ്റി കൈവശമാക്കിയ കമ്പ്യൂട്ടർ കാഷെയിൽ 95,000 ത്തിലധികം ചിത്രങ്ങൾ ഉണ്ടെന്നാണ് വിവരം.
മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, മുൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ചലച്ചിത്ര സംവിധായകൻ വൂഡി അലൻ, വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ, സ്റ്റീവ് ബാനൻ തുടങ്ങിയ നിരവധി ഉന്നത വ്യക്തികൾ എപ്സ്റ്റീന്റെ പക്കൽ നിന്ന് കണ്ടെടുത്ത ചിത്രങ്ങളിലുണ്ട്. യുവതികളുടെ മുഖം മറച്ചാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
പുറത്തുവിട്ട ചിത്രങ്ങൾ എപ്സ്റ്റീനെ കുറിച്ചും അയാളുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും കൂടുതൽ ചോദ്യങ്ങളുയർത്തുന്നവയാണെന്ന് ഡെമോക്രാറ്റിക് അംഗങ്ങൾ എക്സിലെ കുറിപ്പിൽ പറഞ്ഞു. വൈറ്റ് ഹൗസ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഫയലുകൾ പുറത്തുവിടണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
എപ്സ്റ്റീനും കാമുകിയും സഹായിയുമായ ഗിസ്ലേൻ മാക്സ്വെല്ലിനുമൊപ്പം മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ളിന്റൺ നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.
ഹൌസ് കമ്മിറ്റി ഓൺ ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റിഫോം എക്സിലെ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപിനെതിരെയുള്ള ഡെമോക്രാറ്റുകളുടെ വ്യാജ ഭീഷണി പൊളിഞ്ഞുവെന്ന് കമ്മറ്റി പറഞ്ഞു. ലഭിച്ച രേഖകളിലൊന്നിലും കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ആരോപണമുന്നയിക്കാവുന്ന ഒന്നും ലഭിച്ചിട്ടില്ലെന്നും കമ്മറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

