വിമാനത്തിൽ വെള്ളമോ, എ.സിയോ ഇല്ല; കുടിയേറ്റക്കാരെ എത്തിച്ചത് വിലങ്ങണിയിച്ച്, ട്രംപിനോട് വിശദീകരണം തേടി ബ്രസീൽ
text_fieldsറിയോ ഡി ജനീറോ: കുടിയേറ്റക്കാരെ നാട്ടിലെത്തിച്ച രീതിയിൽ ഡോണാൾഡ് ട്രംപ് ഭരണകൂടത്തെ വിമർശിച്ച് ബ്രസീൽ. ഇക്കാര്യത്തിൽ ബ്രസീൽ ട്രംപിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസീലിൽ നിന്നുള്ള കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തിയിരുന്നു. ഇവരെ നാട്ടിലെത്തിച്ചത് സംബന്ധിച്ചാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
പൗരൻമാർക്കായി ഏർപ്പെടുത്തിയ വിമാനത്തിൽ വെള്ളമോ എ.സി.യോ ഉണ്ടായിരുന്നില്ലെന്ന് ബ്രസീൽ വ്യക്തമാക്കി. വിലങ്ങണിയിച്ചാണ് അവരെ ബ്രസീലിലേക്ക് എത്തിച്ചത്. കുടിയേറ്റക്കാരുമായുള്ള വിമാനം ലാൻഡ് ചെയ്തയുടൻ തങ്ങളുടെ പൗരൻമാരുടെ വിലങ്ങഴിക്കാൻ ആവശ്യപ്പെട്ടുവെന്ന് ബ്രസീൽ നിയമമന്ത്രി അറിയിച്ചു. 88 ബ്രസീൽ ആളുകളെയാണ് അമേരിക്കൻ ഭരണകൂടം കഴിഞ്ഞ ദിവസം ബ്രസീലിലേക്ക് എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് വിവാദം.
യു.എസ് പ്രസിഡന്റായി അധികാരമേറ്റ് നാലുദിവസത്തിനകം കുടിയേറ്റക്കാരെ നാടുകടത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഡോണൾഡ് ട്രംപ് പാലിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കുടിയേറ്റവും പൗരത്വവുമായും ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ നാടുകടത്തിത്തുടങ്ങിയതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
ട്രംപിന്റെ ഉത്തരവ് പ്രകാരം 538 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായതായും സൈനിക വിമാനങ്ങളിൽ നാടുകടത്താൻ തുടങ്ങിയതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിനെ ലീവിറ്റ് പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.