കിം ജോങ് ഉൻ എവിടെ?; അഭ്യൂഹങ്ങൾക്കിടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ
text_fieldsപിയോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ബന്ധപ്പട്ടുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ. വസ്ത്ര-പാദരക്ഷാ പ്രദർശനം കിം ജോങ് ഉൻ സന്ദർശിക്കുന്ന ചിത്രങ്ങളാണ് ഔദ്യോഗിക പത്രമായ ‘റോഡോങ് സിൻമുൻ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 കാരനായ കിം ജോങ് ഉൻ മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചെന്നോ കോമയിലായെന്നോ ഉള്ള ചൂടേറിയ സാമൂഹിക മാധ്യമ ചർച്ചകൾക്ക് പിന്നാലെയാണ് ഈ പുതിയ തെളിവ് പുറത്തുവന്നിരിക്കുന്നത്.
ചൈനീസ് ഡമോക്രാറ്റിക് പാർട്ടി ഡെമോക്രാറ്റിക് അംഗവും യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് വംശജനുമായ വാഞ്ചുൻ ഷി, എക്സിൽ നടത്തിയ ചില സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കിം ജോങ് ഉൻ ഇതിനകം മരണപ്പെട്ടുവെന്നും, പിന്തുടർച്ചാവകാശ പ്രതിസന്ധിയെ ഭയന്ന് ബെയ്ജിങ് ഭരണകൂടം 9,000 സൈനികരെ പിയോങ്യാങ്ങിലേക്ക് അയച്ചുവെന്നുമായിരുന്നു വാഞ്ചുൻ ആദ്യം അവകാശപ്പെട്ടത്. തുടർന്ന്, കഠിനമായ സെറിബ്രൽ ഹെമ്മറേജിനെ തുടർന്ന് കിമ്മിനെ ചികിത്സിക്കാൻ ബെയ്ജിങ്ങിലെ പെക്കിങ് യൂണിയൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാരെ ഉത്തരകൊറിയയിലേക്ക് അയച്ചതായും അദ്ദേഹം പിന്നീട് ആരോപിച്ചു.
കിം ജോങ് ഉൻ കോമയിലാവുകയും, തുടർന്ന് വിദഗ്ധ ചികിത്സക്കായി ബെയ്ജിങ്ങിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാരുടെ ജീവൻ രക്ഷാ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നുമാണ് വാഞ്ചുൻ ആരോപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം രഹസ്യമായി ഉത്തരകൊറിയയിലേക്ക് തിരികെ എത്തിച്ചുവെന്നും വാഞ്ചുൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തെളിവുകളുടെയോ ദൃക്സാക്ഷികളുടെയോ പിന്തുണയോ ഇല്ലാത്തതായിരുന്നു.
ഈ അഭ്യൂഹങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണോ ഇപ്പോൾ രഹസ്യ ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് എന്ന സംശയങ്ങളും ഇതോടൊപ്പം ഉയർന്നിരുന്നു.
ഈ അഭ്യൂഹങ്ങൾക്കെല്ലാമാണ് പുതിയ ചിത്രങ്ങളിലൂടെ ഉത്തരകൊറിയ മറുപടി നൽകിയിരിക്കുന്നത്. ഒരു ചിത്രത്തിൽ, ഇളം പിങ്ക് വസ്ത്രം ധരിച്ച ഒരു സ്ത്രീ പിടിച്ചിരിക്കുന്ന കുഞ്ഞു പിങ്ക് ഷൂ കിം പരിശോധിക്കുന്നതായി കാണാം. മറ്റൊരു ചിത്രത്തിൽ, ഔദ്യോഗിക ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന തരത്തിൽ കൈകൾ നീട്ടിപ്പിടിച്ച് നിൽക്കുന്ന കിമ്മിനെയും കാണാൻ സാധിക്കും. മൂന്നാമത്തെ ചിത്രത്തിൽ, മാനുക്വിനിൽ പ്രദർശിപ്പിച്ചിരിക്കുന്ന തുരുമ്പിച്ച നിറമുള്ള വനിതാ കോട്ടിന്റെ കൈകളിൽ അദ്ദേഹം സ്പർശിക്കുന്നതും, ഒപ്പം നിരവധി സഹായികൾ കൂടെയുള്ളതും വ്യക്തമാണ്.
2020-ൽ കിം ജോങ് ഉൻ ഹൃദയസംബന്ധമായ ശസ്ത്രക്രിയയെ തുടർന്ന് മരിച്ചുവെന്ന തരത്തിൽ സൗത്ത് കൊറിയൻ നിയമസഭാംഗവും ഉത്തരകൊറിയൻ വിമതനുമായ ജി സിയോങ്-ഹോ അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ പിന്നീട് കിം പരസ്യമായി രംഗത്തുവരികയും ജി സിയോങ് ഹോ തന്റെ തെറ്റായ പ്രസ്താവനയ്ക്ക് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. സമാനമായ രീതിയിലുള്ള വ്യാജ വാർത്തകളാണ് ഇത്തവണയും പ്രചരിച്ചത് എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

