തരിപ്പണമായി വടക്കൻ ഗസ്സ; 46,000 കെട്ടിടങ്ങൾ പൂർണമായും തകർന്നു
text_fieldsഗസ്സ: വെടിനിർത്തൽ ഇടവേളയിൽ സ്വന്തം നാട്ടിലെത്തിയ വടക്കൻ ഗസ്സ നിവാസികൾക്ക് കാണാനായത് തകർന്നു തരിപ്പണമായ ഭവനങ്ങൾ. ഒന്നൊഴിയാതെ എല്ലാ കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
യു.എൻ ഏജൻസിയുടെ കണക്ക് പ്രകാരം 2,34,000 കെട്ടിടങ്ങൾക്ക് കേടുപാടുണ്ട്. 46,000 കെട്ടിടങ്ങൾ പൂർണമായും തകർന്നു. ഇത് പൂർവസ്ഥിതിയിലാക്കുക കടുത്ത വെല്ലുവിളിയാണ്.
കനത്ത ആക്രമണത്തെത്തുടർന്ന് 18 ലക്ഷത്തോളം പേരാണ് വടക്കൻ ഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്തത്. വടക്കുഭാഗത്തേക്ക് മടങ്ങിവരരുതെന്ന് ഇസ്രായേൽ സേന ഇവരോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും വീടുകൾ തേടിയെത്തുന്നുണ്ട്. ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരും യു.എൻ നേതൃത്വത്തിലുള്ള അഭയാർഥി ക്യാമ്പുകളെ ആശ്രയിക്കുമ്പോൾ കുറെപേർ നിരത്തുകളിലാണ് അന്തിയുറങ്ങുന്നത്. ഇസ്രായേൽ കരയുദ്ധം പുനരാരംഭിക്കുകയാണെങ്കിൽ ഇവർ എങ്ങോട്ട് പോകുമെന്നത് ചോദ്യചിഹ്നമാണ്. അഭയാർഥികളെ സ്വീകരിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കിയ സാഹചര്യത്തിൽ വിശേഷിച്ചും.
താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും മതിയായ അളവിൽ എത്തുന്നില്ല. പ്രതിദിനം 160 മുതൽ 200 വരെ ട്രക്കുകളാണ് സഹായ വസ്തുക്കളുമായെത്തുന്നത്. എന്നാൽ, ഇത് ആവശ്യമായതിന്റെ പകുതിയിൽ താഴെ മാത്രമാണ്.
രോഗം പടരുന്നതായി ലോകാരോഗ്യ സംഘടന
ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ അധികം പേർ ഗസ്സയിൽ രോഗം പിടിപെട്ട് മരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
മാരകമായ രീതിയിൽ ഗസ്സയിൽ പകർച്ചവ്യാധികൾ പടരുന്നതായി ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ആരോഗ്യ പരിപാലന സംവിധാനം പൂർണമായും തകർന്നിരിക്കുകയാണ്. അൽശിഫ ആശുപത്രി ഇസ്രായേൽ സേന തകർത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതായും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, അൽ ശിഫ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് അറ്റകുറ്റപ്പണിക്കുശേഷം തുറന്നു. രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇപ്പോൾ ആശുപത്രിയിൽ 180ഓളം രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 22 പേർ കിഡ്നി രോഗികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.